പഠനരംഗത്തെ മാനസിക സംഘര്‍ഷങ്ങള്‍ വിദ്യാര്‍ഥികളെ ലഹരിക്ക് അടിമകളാക്കുന്നു
കൊച്ചി: പഠനരംഗത്ത് നേരിടേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങളാണ് വിദ്യാര്‍ഥികളെ ലഹരിക്കടിമകളാക്കുന്നതെന്ന് എക്‌സൈസ് കമ്മിഷനര്‍ ഋഷിരാജ് സിങ്. പരീക്ഷയില്‍ ഉന്നത വിജയം നേടണം എന്ന മാതാപിതാക്കളുടെ പിടിവാശിയാണ് ഇത്തരത്തില്‍ കുട്ടികളില്‍ മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്നത്. എക്‌സൈസ് കമ്മിഷനറായ ശേഷം 570 സ്‌കൂളുകളിലെ വിദ്യാര്‍ഥികളുമായി നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞിട്ടുള്ള തനിക്ക് ബോധ്യപ്പെട്ട കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ആര്‍ത്രൈറ്റിസ് ആന്റ് റുമാറ്റിസം സൊസൈറ്റിയുടെയും ഡോ. ഷേണായീസ് കെയറിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ലോക വാതരോഗ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2016 ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 9,000 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. ഇതേ വര്‍ഷം 60,000 വിദ്യാര്‍ഥികള്‍ വീട് വിട്ട് പോയി. ഇവയെല്ലം വിരല്‍ ചൂണ്ടുന്നത് കുട്ടികള്‍ നേരിടുന്ന മാനസിക സംഘര്‍ഷത്തിലേക്കാണ്. ഈ അവസ്ഥ മാറേണ്ടതുണ്ട്. തെറ്റായ ജീവിത ശൈലിയാണ് പലരോഗങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ നിര്‍ധനരായ ആങ്കിലോസിംഗ് പോണ്ടിലൈറ്റിസ് വാതരോഗികള്‍ക്ക് സൗജന്യമായി ബയോളജിക്കല്‍ ഇഞ്ചക്ഷന്‍ നല്‍കുന്നതിനായി ഡോ. ഷേണായീസ് കെയറും വാതരോഗികളുടെ സംഘടനയായ ആസിഫും ചേര്‍ന്ന് ആവിഷ്‌കരിച്ച 'പുഞ്ചിരി' പദ്ധതിക്കും, ലൂപ്പസ് രോഗികളുടെ ചികിത്സക്കും പുനരധിവാസത്തിനുമായി രൂപീകരിച്ച ലൂപ്പസ് ട്രസ്റ്റ് ഇന്ത്യക്കും തുടക്കമായി. ലൂപ്പസ് ട്രസ്റ്റ് ഇന്ത്യയുടെ ലോഗോ ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. എം.ഐ ജുനൈദ് റഹ്മാന്‍ പ്രകാശനം ചെയ്തു. ഡോ. പത്മനാഭ ഷേണായി, ഡോ. റെജീന ഷാജിന്‍, ഡോ. ആസാദ് സെയ്ത് തുടങ്ങിയവര്‍ വാതരോഗത്തെപ്പറ്റിയുള്ള ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."