എ.ടി.എം കൊള്ള: അന്വേഷണം കേരളത്തിന് പുറത്തേക്ക്
തൃശൂര്‍: എ.ടി.എം കൊള്ളയെ കുറിച്ചുള്ള അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. ഡല്‍ഹിയിലേക്ക് പോയ അന്വേഷണം സംഘത്തിനുപുറമെ ഗോവയിലേക്കും ഇന്നലെ പ്രത്യേക അന്വേഷണ സംഘം തിരിച്ചു. അങ്കമാലിയിലെ എ.ടി.എം കവര്‍ച്ചാ കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ ബീഹാറികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇപ്പോള്‍ അന്വേഷണം നീങ്ങുന്നത്. ഈ കേസിലെ പ്രതിയും കൊരട്ടിയിലെ എ.ടി.എം പോയിന്റില്‍നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യത്തിലെ തടിച്ച ശരീരമുള്ളയാളും തമ്മില്‍ സാമ്യമുണ്ട്. ഇത് ഉറപ്പിക്കാന്‍ ഇയാളുടെ വിരലടയാളം പരിശോധിച്ചു വരികയാണ്. ചാലക്കുടിയിലെ സി.സി.ടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിലെ യുവാക്കള്‍ ധന്‍ബാദ് എക്‌സ്പ്രസിലാണ് കേരളം വിട്ടതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഗോവയ്ക്ക് പുറപ്പെട്ടത്. സംഘത്തിന് ഗോവയുമായി ബന്ധമുണ്ടാകുമെന്ന് പൊലിസ് കരുതുന്നു. അതേസമയം, സി.സി.ടി.വി ദൃശ്യങ്ങളിലെ ഏഴ് യുവാക്കളാണ് മോഷ്ടാക്കളെന്ന് പൊലിസ് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. മോഷണ സമയത്ത് കൊരട്ടി എ.ടി.എമ്മിലെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും ചാലക്കുടിയിലെ വ്യാപാര സ്ഥാപനത്തില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. കൊള്ള സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന തടിച്ച ശരീരമുള്ള യുവാവ് ചാലക്കുടിയില്‍ നിന്ന് ലഭിച്ച ദൃശ്യത്തിലില്ല. ഇതാണ് പൊലിസിനെ കുഴക്കുന്നത്. മാത്രമല്ല, കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊള്ളയ്ക്ക് ശേഷം ചാലക്കുടിയിലെ പൊലിസ് പട്രോളിംഗുള്ള പാതയിലൂടെ പത്ത് മിനുട്ടോളം സമയമെടുത്ത് കൊള്ള സംഘം റെയില്‍വേ സ്‌റ്റേഷനിലേക്ക് നടന്ന് പോകുമോ എന്നും പൊലിസ് സംശയിക്കുന്നു. കൊരട്ടിയിലെ എ.ടി.എം സി.സി.ടിവിയില്‍ മൂന്ന് പേരുടെ സാനിധ്യം മാത്രമാണുണ്ടായിരുന്നത്. എങ്കിലും, വാഹനം ഉപേക്ഷിച്ച സ്ഥലവും ഡോഗ് സ്‌ക്വാഡില്‍ നിന്ന് ലഭിച്ച വിവരങ്ങളും സംശയാസ്പദമായ സാഹചര്യത്തിലുള്ള ഏഴംഗ സംഘത്തിന്റെ സഞ്ചാരവുമൊക്കെ പരിഗണിച്ചാണ് സി.സി.ടി.വി ദൃശ്യങ്ങളിലെ യുവാക്കളെകൂടി അന്വേഷണ പരിധിയിലാക്കാന്‍ കാരണം. നിലവില്‍ ചാലക്കുടി, എറണാകുളം, കോട്ടയം ടീമുകളാണ് എ.ടി.എം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്നത്. റേഞ്ച് ഐ.ജിയ്ക്കാണ് അന്വേഷണത്തിന്റെ ഏകോപനം. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കാര്യമായ തുമ്പ് ലഭിക്കുമെന്ന കണക്കു കൂട്ടലിലാണ് പൊലിസ്. ചാലക്കുടിയിലെ ജ്വല്ലറി കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഉത്തരേന്ത്യന്‍ കവര്‍ച്ചാ സംഘത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലിസ് പിടികൂടിയത്. അതേസമയം, മോഷ്ടാക്കളുടേതെന്ന സംശയത്തില്‍ തെലുങ്കാനയിലെ സെക്കന്തരാബാദില്‍ കച്ചവടം നടത്തുന്ന മലയാളികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഫോട്ടോകള്‍ പൊലിസ് പരിശോധിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഇവരല്ല മോഷ്ടാക്കള്‍ എന്ന നിലപാടിലാണ് പൊലിസ്. സെക്കന്തരാബാദിലെ ഒരു വ്യപാര കേന്ദ്രത്തില്‍ 13ന് വൈകിട്ടോടെയാണ് യുവാക്കള്‍ എത്തിയത്. ഇവര്‍ക്ക് സി.സി.ടി.വി ദൃശ്യത്തിലുള്ള യുവാക്കളുമായി സാമ്യമുണ്ടെന്ന സംശയത്തിലാണ് വ്യാപാരികള്‍ പൊലിസിന് ഫോട്ടോ അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."