സഞ്ചാരികളെ വരൂ; അകലാപ്പുഴയോരം നിങ്ങളുടെ മനംകവരും
പയ്യോളി: വിനോദ സഞ്ചാരികളെ മാടിവിളിക്കുകയാണ് പ്രകൃതി നിറഞ്ഞൊഴുകുന്ന അകലാപ്പുഴയോരവും തുരുത്തുകളും. തിക്കോടി പഞ്ചായത്തിന്റെ കിഴക്കെ അതിര്‍ത്തിയായ അകലാപ്പുഴയോരം സന്ദര്‍ശിക്കാന്‍ ദിനവും അനേകം സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഇവര്‍ക്ക് മതിവരോളം ആസ്വദിക്കാനുള്ള പ്രകൃതി സൗന്ദര്യക്കാഴ്ചകള്‍ ഇവിടെയുണ്ട്.
തിക്കോടി പഞ്ചായത്തിന്റെ വടക്ക്-കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അകലാപ്പുഴയും തുരുത്തുമൊക്കെ പ്രകൃതിഭംഗിയില്‍ അനുഗ്രഹീതമായ കേന്ദ്രങ്ങളാണ്. അകലാപ്പുഴ കെട്ടുമ്മലില്‍നിന്ന് തുറയൂര്‍ വരെ തെങ്ങുകള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന മനോഹരദൃശ്യം ഏതൊരാളെയും കണ്ണഞ്ചിപ്പിക്കും. പുഴക്കരികില്‍ ഇരുഭാഗത്തുമുള്ള കിലോമീറ്റര്‍ നീളുന്ന തെങ്ങുകളുടെ കിടപ്പ് ഏറെ ആകര്‍ഷണീയമാണ്. കുറ്റ്യാടി പുഴയേയും അകലാപ്പുഴയേയും ബന്ധിപ്പിക്കുന്ന തീരങ്ങളുടെ ഇരുവശങ്ങളിലുള്ള കായലുകളില്‍ ധാരാളം കൊതുമ്പു വള്ളങ്ങള്‍ കാണാം.
ചെറിയ വള്ളങ്ങളിലിരുന്ന് വലയെറിഞ്ഞ് മത്സ്യം പിടിക്കുന്ന കാഴ്ചയും വളരെ കൗതുകകരമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന പെഡല്‍ ബോട്ട് സര്‍വിസ് സന്ദര്‍ശകര്‍ക്ക് പ്രത്യേക അനുഭൂതി സമ്മാനിക്കുന്നു. ദൂരെ ദിക്കുകളില്‍നിന്നു പോലും ധാരാളമാളുകള്‍ കുടുംബസമേതം ബോട്ട് സര്‍വിസിനെത്തുന്നുണ്ട്.
അകലാപ്പുഴയുടെ കിഴക്ക് ഭാഗത്തായുള്ള വിശാലമായ തുരുത്ത് ആരുടെയും മനംകവരും. കൂടാതെ പുഴയോരത്തെ കേരവൃക്ഷങ്ങളും കണ്ടല്‍ക്കാടുകളും കൈത്തോടുകളും വേറിട്ട കാഴ്ചയൊരുക്കുന്നു. പുഴയുടെ ഒരു ഭാഗത്ത് മത്സ്യകൃഷിക്ക് ആവശ്യമായ വിശാലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വിവിധയിനം മത്സ്യങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പരമ്പരാഗതമായി മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന ധാരാളം ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ കേന്ദ്രമാണിവിടെ.അകലാപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസം സാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് കൊണ്ടിരിക്കുകയാണ്. ഇതു സംബന്ധമായി ധാരാളം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
അകലാപ്പുഴയില്‍നിന്ന് കുറ്റ്യാടിപ്പുഴയിലൂടെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയം, വടകര സ്റ്റാന്‍ഡ്, ബാങ്ക്, കോട്ടക്കലില്‍നിന്ന് തൊട്ടകലെയുള്ള വെള്ളിയാംകല്ല് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പാക്കേജുകള്‍ തുടങ്ങിയാല്‍ കൂടുതല്‍ സൗകര്യപ്രദമാകും.
നാഷനല്‍ ഹൈവേയില്‍ പയ്യോളി ഇറങ്ങി പേരാമ്പ്ര റോഡിലൂടെ തുറയൂര്‍ വഴി അകലാപ്പുഴയോരത്ത് എത്തിച്ചേരാന്‍ എളുപ്പമാണ്. കൊയിലാണ്ടി ഭാഗങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് മുചുകുന്നിലൂടെ കെട്ടുമ്മല്‍ വഴി അകലാപ്പുഴയോരത്ത് എത്തിച്ചേരാം.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."