തൊഴില്‍ പ്രശ്‌നങ്ങളില്ലെങ്കില്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക് ഉടനെന്ന് എം.പി
ആലപ്പുഴ : പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയില്‍ ഉള്‍പ്പെടുത്തി സൂപ്പര്‍ സ്‌പെഷ്യാലിറ്റി പദവിയിലേയ്ക്കുയര്‍ത്തുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ പ്രത്യേക ബ്ലോക്കിന്റെ നിര്‍മ്മാണം അപ്രതീക്ഷിത തൊഴില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.
മധ്യകേരളത്തിലെ പൊതു ആരോഗ്യ രംഗത്തെ ഏറ്റവും സുപ്രധാന ഈ വികസന പദ്ധതിക്ക് 173.17 കോടി രൂപയാണ് ചെലവ്. 80 കോടി രൂപ ചെലവില്‍ ഇപ്പോഴാരംഭിച്ചിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പൈലിങ്ങ് ഉള്‍പ്പെടെ പുരോഗമിക്കുകയാണ്. നിര്‍മാണത്തെ ബാധിക്കുന്ന ഒരു പ്രശനങ്ങളും ഉണ്ടാകുമെന്നു കരുതുന്നില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ അത് ആലപ്പുഴയിലെ പാവങ്ങളോട് കാട്ടുന്നു നീതികേടായിരിക്കുമെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നും എം പി പറഞ്ഞു. 20590 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ആറു നിലകളുള്ള കെട്ടിടത്തിലാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമാകുന്നത്. 2014-ല്‍ യു പി എ സര്‍ക്കാര്‍ അനുവദിച്ച പദ്ധതിയില്‍ 150 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 23 കോടി രൂപകൂടി അനുവദിച്ചു. നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൗണ്ട് ഡൗണ്‍ ആരംഭിക്കും.
മാസം തോറും നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന് അവലോകനയോഗം ചേരാനും ഇന്നലെ (02.06.2017) മെഡിക്കല്‍ കോളേജില്‍ എം പി വിളിച്ചു ചേര്‍ത്ത റിവ്യൂ യോഗത്തില്‍ തീരുമാനിച്ചു. ചികിത്സാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ ടെന്‍ഡര്‍ ഉടന്‍ പുറപ്പെടുവിക്കും. നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയില്‍തന്നെ വിവിധ വകുപ്പുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിച്ച് സജ്ജീകരിക്കും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്തായി നിര്‍മ്മിക്കുന്ന ട്രോമാകെയര്‍ യൂണിറ്റിനെ ആകാശ ഇടനാഴിവഴി ബന്ധിപ്പിക്കും. ഒന്‍പത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാകും പദ്ധതിയില്‍ ഉണ്ടാവുക. ന്യൂറോളജി, ന്യൂറോ സര്‍ജ്ജറി, യൂറോളജി, നെഫ്രോളജി, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക്ക് സര്‍ജ്ജറി, മെഡിക്കല്‍ ഗാസ്‌ട്രോ എന്‍ട്രോളജി, എന്റോക്രൊനോളജി, പ്ലാസ്റ്റിക്ക് സര്‍ജ്ജറി എന്നീ വിഭാഗങ്ങളാണ് പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുക.
വിവിധ ഐ സി യുകളിലായ 62 രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനും മറ്റു ഡിപ്പാര്‍ട്ടുമെന്റുകളിലായി 217 കിടക്കകളും പുതിയ ബ്ലോക്കിലുണ്ടാകും. താഴെത്തെ നിലയില്‍ ന്യൂറോളജി, ന്യൂറോ സര്‍ജ്ജറി, ഒന്നാമത്തെ നിലയില്‍ കാര്‍ഡിയോളജി കാര്‍ഡിയോ തൊറാസിക്ക് സര്‍ജ്ജറി രണ്ടാം നിലയില്‍ പ്ലാസ്റ്റിക്ക് സര്‍ജ്ജറി, എന്റോക്രൊനോളജി മൂന്നാം നിലയില്‍ പ്ലാസ്റ്റിക്ക് സര്‍ജ്ജറി, മെഡിക്കല്‍ ഐ സി യു, നാലാം നിലയില്‍ അക്കാഡമിക്ക് സൗകര്യങ്ങള്‍, അഞ്ചാം നിലയില്‍ ന്യൂറോ സര്‍ജ്ജറി, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് എന്നീ നിലയിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
നാല് ബഡ് ലിഫ്റ്റുകളും രണ്ട് പാസഞ്ചര്‍ എലവേറ്ററുകളും പദ്ധതിയില്‍ ഉണ്ടാകുമെന്നും എം പി അറിയിച്ചു. യോഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.റംല, പ്രിന്‍സി പ്പാള്‍ ഡോ.മിറിയം വര്‍ക്കി, പി.എം.എസ്.എസ്.വൈ നോഡല്‍ ഓഫീസര്‍ ഡോ.ടി.കെ.സുമ, ഡെപ്യൂട്ടി കളക്ടര്‍ ജയമോഹന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ആര്‍.വി.രാംലാല്‍, എച്ച്.എല്‍.എല്‍ പ്രതിനിധി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."