ഇരുവഴിഞ്ഞിയുടെയും ചാലിയാറിന്റെയും ഓളപ്പരപ്പില്‍ അവര്‍ വീണ്ടും ഒത്തുകൂടി
മുക്കം: ഒരുകാലത്ത് ഇരുവഴിഞ്ഞിപ്പുഴയുടേയും ചാലിയാറിന്റെയും ഓളപ്പരപ്പില്‍ നീന്തിത്തുടിച്ച, എന്നാല്‍ ജീവിതത്തിന്റെ സായാഹ്നങ്ങളില്‍ എത്തിയപ്പോള്‍ പുഴയില്‍ നിന്നും പുഴയോരങ്ങളില്‍ നിന്നും അകന്നുപോയ ഒരുകൂട്ടം മനുഷ്യന്‍ ഒരിക്കല്‍ കൂടി പുഴയെ തൊട്ടറിഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പുഴക്കരയിലെ കാഴ്ചകള്‍ കണ്ടും പുഴയെ തൊട്ടും കുഞ്ഞലകള്‍ തഴുകി വരുന്ന കുളിര്‍ക്കാറ്റേറ്റും ഓളപ്പരപ്പിന് മുകളിലൂടെ ദീര്‍ഘദൂരം യാത്ര ചെയ്തപ്പോള്‍ അതവര്‍ക്ക് ഗതകാല സ്മരണകളിലേക്കുള്ള തിരിച്ചുപോക്ക് മാത്രമായിരുന്നില്ല; കളിച്ചും ചിരിച്ചും കൂടെ നടന്ന് തങ്ങളില്‍ നിന്ന് അകന്നുപോയ പ്രിയ കൂട്ടുകാരനെ വീണ്ടും കണ്ടുമുട്ടിയ ആഹ്ലാദം കൂടിയായിരുന്നു.
ചേന്ദമംഗല്ലൂരിലെ സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കായി സംഘടിപ്പിച്ച ജലയാത്രയാണ് വൈകാരിക വിക്ഷോഭങ്ങളുടെ വേദിയായത്. വീടുകളില്‍ മാത്രം ഒതുങ്ങി കൂടിയിരുന്ന ഇവരുടെ മാനസികോല്ലാസവും പഴയ ഓര്‍മ്മ പുതുക്കലുമായിരുന്നു യാത്രയുടെ ലക്ഷ്യം. പ്രായം അറുപത് പിന്നിട്ട പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന അന്‍പതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. പുഴയോരങ്ങളിലെ പുതിയ കാഴ്ചകള്‍ കാണിച്ചുകൊടുക്കാനും പുഴയെ കുറിച്ചുള്ള പഴങ്കഥകള്‍ പറഞ്ഞു കൊടുക്കാനുമൊക്കെ പലരും തങ്ങളുടെ കൊച്ചുമക്കളെയും കൂടെ കൂട്ടിയിരുന്നു. വാര്‍ധക്യമെന്ന യാഥാര്‍ഥ്യം പോലും മറന്ന് കളിച്ചും ചിരിച്ചും പരസ്പരം വിശേഷങ്ങള്‍ പങ്കുവച്ചും ഊര്‍ക്കടവ് മുതല്‍ എടവണ്ണ വരെ ചാലിയാറിലൂടെയായിരുന്നു യാത്ര.
പുഴ കാഴ്ചകള്‍ കണ്ട് രാവിലെ തന്നെ തയ്യാറാക്കി കരുതിവച്ചിരുന്ന ഉച്ച ഭക്ഷണവും കഴിച്ചു വൈകുന്നേരത്തോടെയാണ് ഇവര്‍ മടങ്ങിയത്. ഏറെ നാളുകള്‍ക്ക് ശേഷം തങ്ങള്‍ക്ക് ലഭിച്ച പുഴയെ തൊട്ടറിയാനുള്ള സൗഭാഗ്യത്തില്‍ ആഹ്ലാദഭരിതരായിരുന്നു എല്ലാവരും. പരസ്പരം യാത്ര പറഞ്ഞ് പിരിയുമ്പോഴും എല്ലാവരും സ്വന്തം മനസില്‍ ഒരിക്കല്‍ കൂടി ഉറപ്പിച്ചു; വീണ്ടും കാണണം ഈ പുഴയേയും പുഴ തീരങ്ങളെയും. ഫോട്ടോ: ചേന്ദമംഗല്ലൂര്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം മുതിര്‍ന്ന പൗരന്മാര്‍ക്കായി സംഘടിപ്പിച്ച പുഴയാത്ര
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."