നടപടിയെടുക്കാതെ അധികൃതര്‍ മാലിന്യക്കൂമ്പാരമായി കലക്ടറേറ്റ്
കണ്ണൂര്‍: ജില്ലയിലെ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന കണ്ണൂര്‍ സിവില്‍ സ്റ്റേഷന്റെ വളപ്പില്‍ മാലിന്യക്കൂമ്പാരം. സര്‍ക്കാരിന്റെ ശുചിത്വമിഷന് പദ്ധതി പഞ്ചായത്തുകളില്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുന്നവരാണ് മൂക്കിനു താഴെയുള്ള മാലിന്യ നിക്ഷേപം കാണാതെ പോകുന്നത്. ജില്ലാമെഡിക്കല്‍ ഓഫിസറുടെ കാര്യാലയം, മാലിന്യം തള്ളുന്നവര്‍ക്കെതിരേ പിഴ ചുമത്താന്‍ മത്സരിക്കുന്ന ജില്ലാ പൊലിസ് മേധാവിയുടെ ആസ്ഥാന മന്ദിരം തുടങ്ങി അധികാരകേന്ദ്രങ്ങള്‍ ഒരുപാട് സമ്മേളിക്കുന്ന സിവില്‍ സ്റ്റേഷനാണ് ഈ ഗതികേട്.
മാലിന്യം വമിക്കുന്ന ദുര്‍ഗന്ധം കാരണം ഇവിടെ വിവിധകാര്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് വഴി നടക്കാന്‍ പോലും കഴിയുന്നില്ല. കലക്ടറേറ്റ് വളപ്പ് കാടുപിടിച്ചുകിടക്കുന്നതിനാല്‍ ഇവിടം കൊതുകുകളുടെ വിഹാരകേന്ദ്രമാണ്. സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞ് മലിനജലം പുറത്തേക്കൊഴുകുന്നത് നേരത്തെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കിലും ഇതുവരെ പരിഹരിച്ചിട്ടില്ല. അശാസ്ത്രീയമായ നിര്‍മാണമാണ് സെപ്റ്റിക്ടാങ്കുകള് നിറഞ്ഞൊഴുകാന്‍ കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. സിവില്‍സ്റ്റേഷനെ ശുചീകരിക്കാന്‍ കലക്ടര്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."