മഹ്മൂദിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ നാട് മരവിച്ചു
കുണിയ: നവോദയ നഗര്‍ കുണ്ടൂരിലെ എ.കെ മഹ്മൂദിന്റെ ദാരുണ മരണം ഉള്‍ക്കൊള്ളാനാവാതെ നാട് മരവിച്ചു. കഴിഞ്ഞ ദിവസം രാത്രി കുണിയ ജുമാ മസ്ജിദില്‍ നിന്നു തറാവീഹ് നിസ്‌കാരം നിര്‍വഹിച്ച് വീട്ടിലേക്കു ബൈക്കില്‍ മടങ്ങിയ മഹ്മൂദിനെ പള്ളിയില്‍ നിന്നു നൂറു മീറ്റര്‍ അകലെ എത്തുന്നതിനു മുമ്പ് തന്നെ ടോറസ് ലോറിയുടെ രൂപത്തില്‍ മരണം തട്ടിയെടുക്കുകയായിരുന്നു.
പള്ളിയില്‍ രാത്രി നിസ്‌കാരത്തിനുണ്ടായിരുന്ന ആളുകള്‍ക്ക് പള്ളിയില്‍ നിന്നിറങ്ങി നിമിഷങ്ങള്‍ക്കകം കേള്‍ക്കാന്‍ കഴിഞ്ഞത് തങ്ങളുടെ കൂടെ അല്‍പം മുമ്പ് വരെ ഉണ്ടായിരുന്ന മഹ്മൂദിന്റെ വിയോഗ വിവരമാണ്.
എല്ലാവരോടും പുഞ്ചിരിച്ച് സൗമ്യതയോടെ സംസാരിച്ചിരുന്ന മഹ്മൂദിനെ അപകട രൂപത്തില്‍ മരണം തട്ടിയെടുത്തതു വിശ്വസിക്കാനാവാതെ ആളുകള്‍ പലരേയും പലവട്ടം വിളിച്ച് വാര്‍ത്ത ഉറപ്പിക്കുന്ന അവസ്ഥയിലായിരുന്നു.
ദീര്‍ഘകാലം അബുദബിയില്‍ ജോലി ചെയ്തിരുന്ന മഹ്മൂദ് ആറു വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കിയത്. മുസ്ലിം ലീഗിന്റെ ആദ്യകാല സജീവ പ്രവര്‍ത്തകനും സമസ്തയേയും ലീഗിനെയും നെഞ്ചിലേറ്റിയ പ്രവര്‍ത്തകനുമായിരുന്നു. 20 വര്‍ഷം മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ സംഘട്ടനത്തില്‍ വധ ശ്രമത്തില്‍ നിന്നു തലനാരിഴക്ക് രക്ഷപ്പെട്ട മഹ്മൂദിന്റെ വീടിനു പിന്നീട് മാസങ്ങളോളം ലീഗ് പ്രവര്‍ത്തകര്‍ രാപകല്‍ ഭേദമില്ലാതെ കാവല്‍ നിന്നിരുന്നു.
വധ ശ്രമത്തില്‍ നിന്നു രക്ഷപ്പെട്ടപ്പോഴും തുടര്‍ന്നും ഭീഷണി ഉണ്ടായപ്പോഴും താന്‍ സ്‌നേഹിച്ച പ്രസ്ഥാനത്തില്‍ നിന്നു പിന്തിരിയാനോ മറ്റോ ശ്രമിക്കാതെ മുന്നോട്ട് നീങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."