പനിച്ചു വിറച്ച് മലയോരം
നീലേശ്വരം: നീലേശ്വരവും മലയോരവും പനിച്ചു വിറയ്ക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരാണ് ഇവിടങ്ങളില്‍ നിന്നു ചികിത്സ തേടിയെത്തിയത്. നീലേശ്വരം നഗരസഭ, കിനാനൂര്‍-കരിന്തളം, കോടോം -ബേളൂര്‍, ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി, ബളാല്‍ തുടങ്ങിയ മലയോര പഞ്ചായത്തുകളിലുമാണ് പനി ബാധിതര്‍ ഏറെയുള്ളത്.
നീലേശ്വരം താലൂക്ക് ആശുപത്രിയിലും കരിന്തളം പ്രാഥമികാരോഗ്യകേന്ദ്രം, വെള്ളരിക്കുണ്ട് ഡിസ്‌പെന്‍സറി എന്നിവിടങ്ങളിലും നൂറുകണക്കിനു രോഗികളാണ് ദിവസവും ചികിത്സ തേടിയെത്തുന്നത്. നീലേശ്വരം താലൂക്കാശുപത്രിയില്‍ ഇന്നലെ ചികിത്സയ്‌ക്കെത്തിയ മുന്നൂറോളം പേരില്‍ പകുതിയോളം പേരും പനിക്കും അനുബന്ധ രോഗങ്ങളുടെ ചികിത്സയ്ക്കുമായി എത്തിയവരാണ്.
ഇതില്‍ ഒന്‍പതു പേര്‍ വൈറല്‍ പനി ബാധിതരും 38 പേര്‍ പനിയും ചുമയും ബാധിച്ചവരുമാണ്. ആവശ്യത്തിനു മരുന്നും ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണെങ്കിലും രോഗികളുടെ എണ്ണം കൂടുന്നതോടെ സൗകര്യങ്ങള്‍ മതിയാകാതെ വരും. മലയോര പഞ്ചായത്തുകളില്‍ നിരവധി ഡെങ്കി കേസുകളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി, കിനാനൂര്‍ കരിന്തളം പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി ബാധിതര്‍ കൂടുതലായുള്ളത്. മഴ ശക്തി പ്രാപിക്കുന്നതോടെ വിവിധ തരം പനികള്‍ പടര്‍ന്നു പിടിക്കുമെന്ന ആശങ്കയിലാണ് ജനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."