അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യുന്നവനാണ് നോമ്പുകാരന്‍
വിശുദ്ധ റമദാന്‍ അല്ലാഹുവിന്റെ അറ്റമില്ലാത്ത കാരുണ്യത്തിന്റെ ഉറവയാണ്. എണ്ണമറ്റ അനുഗ്രഹ ദാതാവായ അല്ലാഹു മനുഷ്യനോട് ചോദിക്കുന്നതാകട്ടെ പരിമിത സമയത്തെ ആരാധനകള്‍ മാത്രവും. ശ്വസിക്കുന്ന വായുവിനും കഴിക്കുന്ന ഭക്ഷണത്തിനും കുടിക്കുന്ന പാനീയങ്ങള്‍ക്കും മനുഷ്യനോട് അല്ലാഹു കണക്ക് ചോദിക്കുന്നില്ല. എന്തു കഴിക്കണമെന്നും എപ്പോള്‍ കഴിക്കണമെന്നും അല്ലാഹു ആവശ്യപ്പെട്ടത് അവന്‍ ഭക്ഷണ പാനീയ ദാതാവായതു കൊണ്ട് മാത്രമാണ്.
മഴയും വെയിലും ചൂടും തണുപ്പും അല്ലാഹു മാറിമാറി തരുന്നത് മനുഷ്യന്റെ നിലനില്‍പ്പിനു കൂടിയാണ്. കണ്ണും കൈയും കാലും മറ്റെല്ലാ അവയവങ്ങളും തന്ന അല്ലാഹു അതെന്തിനു വേണ്ടി ഉപയോഗിക്കണമെന്നും പഠിപ്പിച്ചിട്ടുണ്ട്.
ഭൂമിയില്‍ പാര്‍പ്പിടവും താമസ സൗകര്യങ്ങളും ഒരുക്കിത്തന്ന് എങ്ങനെ ജീവിക്കണമെന്നും ഉപദേശിച്ചിട്ടുണ്ട്. ഇതാകട്ടെ ഈ അനുഗ്രഹങ്ങളെ ശാശ്വതമായി ഉപയോഗിക്കുന്നതിനു കൂടിയാണ്. മനുഷ്യനെപ്പോഴും അന്യാശ്രയനാണ്. സംഘബോധത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയുമാണ് അവന്‍ വ്യക്തിത്വം വികസിപ്പിക്കുന്നത്. ഇതു മനുഷ്യന്റെ ധാര്‍മികതയുടെ നേട്ടം കൂടിയാണ്.
അല്ലാഹുവിന്റെ അനുഗ്രഹം സര്‍വര്‍ക്കുമുള്ളതാണ്. അതു നശിപ്പിക്കാനിട വന്നു കൂടാ. ഭൂമിയും പരിസരവും ശാശ്വതമായി സൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അല്ലാഹു പഠിപ്പിക്കുന്നത് സര്‍വ ചരാചരങ്ങള്‍ക്കും വേണ്ടിയാണ്.
മനുഷ്യ വര്‍ഗത്തിനു വേണ്ടിയാണ് ഭൂമിയിലെ മറ്റെല്ലാ സൃഷ്ടികളുടെയും സൃഷ്ടിപ്പും സംരക്ഷണവുമെന്ന് അല്ലാഹു തന്നെ ഉണര്‍ത്തിയിട്ടുണ്ട്. ഒരിക്കലും മനുഷ്യനെ അല്ലാഹു തീവ്രതയുടെ അതിര്‍ വരമ്പുകള്‍ക്കിടയില്‍ തളച്ചിട്ടില്ല.
അനുഗ്രഹങ്ങളെ തിരസ്‌കരിച്ച് ജീവിതവും ശരീരവും നശിപ്പിക്കാനും കല്‍പിച്ചിട്ടില്ല. അനുഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തണം. അതിന് അല്ലാഹുവിനു നന്ദി ചെയ്യണം. എങ്കിലവന്‍ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളെ ശാശ്വതമായി മനുഷ്യനു നല്‍കും. ഇതു മാത്രമാണ് അല്ലാഹുവിന്റെ നേട്ടം. ഇതു പറയാനും പഠിപ്പിക്കാനുമാണ് അവന്‍ പ്രവാചകന്മാരെ അയച്ചത്. എന്നും അല്ലാഹുവിനെ ആരാധിച്ചു കൊണ്ടേയിരിക്കാനല്ല അവര്‍ ഉപദേശിച്ചത്. ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കാനും അനുഗ്രഹങ്ങള്‍ക്കു നന്ദി ചെയ്യാനുമുള്ള കല്‍പനകളാണ് വിശുദ്ധ ഖുര്‍ആനിലുള്ളത്.
കൂലി നല്‍കാതെ പണിയെടുക്കാന്‍ പറയുകയല്ല അല്ലാഹു, മറിച്ച് എല്ലാം നല്‍കി നാമമാത്ര ജോലി ചെയ്യാനുള്ള കല്‍പന മാത്രമാണവന്റേത്. ആവശ്യത്തിലധികം പണം തന്നാണവന്‍ അല്‍പം കടം ചോദിക്കുന്നത്. ആവശ്യത്തിനു ആരോഗ്യവും ആയുസും തന്നാണവന്‍ അല്‍പനേരം അല്ലാഹുവിനു വണങ്ങാനപേക്ഷിക്കുന്നത്.
ആവശ്യത്തിലേറെ ഭക്ഷണവും പാനീയങ്ങളും നല്‍കിയാണവന്‍ അല്‍പനേരം അതു കഴിക്കരുതെന്ന് അപേക്ഷിക്കുന്നത്. അതൊന്നും അല്ലാഹുവിനു വേണ്ടിയല്ല, മനുഷ്യനു വേണ്ടി തന്നെ. അവന്റെ ശാരീരിക, സാമൂഹിക, സാമ്പത്തിക നിലനില്‍പിനും പരിശുദ്ധിക്കും വേണ്ടി.
സര്‍വ സദുദ്യമങ്ങളുടെയും എക്കാലത്തെയും നിലനില്‍പാണ് റമദാന്‍ മാസം. ഇതു ഭക്ഷണ വിരക്തിയുടെ മാത്രം മാസമല്ല; നന്ദികേടിലൂടെയല്ല, നന്ദി ചെയ്യുന്നതിലൂടെയാണു ധാര്‍മികത നിലനിര്‍ത്തേണ്ടതെന്ന് അനുഭവിച്ചറിയുന്ന പരിശീലനത്തിന്റെ മാസമാണ്. അതു കൊണ്ട് നോമ്പുകാരന്‍ നന്ദിയുള്ളവനായിരിക്കണം. അങ്ങനെ മാസമേതും റമദാനിന്റെ പരിശുദ്ധി നിലനില്‍ക്കണം. അതു നിലനിര്‍ത്തുന്നവനായിരിക്കണം നോമ്പുകാരന്‍.
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."