കൈക്കൂലി: കൃഷി ഓഫിസര്‍ വിജിലന്‍സ് പിടിയില്‍
ചങ്ങനാശേരി: കൈക്കൂലി വാങ്ങിയതിന് ചങ്ങനാശേരി കൃഷി ഓഫിസര്‍ വിജിലന്‍സിന്റെ പിടിയില്‍.
കൊല്ലം ആലുംമൂട് മണ്ഡലം ജങ്ഷനില്‍ തിരുവോണം വീട്ടില്‍ വസന്തകുമാരിയെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി എന്‍.രാജന്റ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നേരത്തേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടിക്കുള്ള വിജിലന്‍സിന്റെ ശുപാര്‍ശ നിലനില്‍ക്കെയാണ് ഇപ്പോള്‍ കൈക്കൂലി കേസില്‍ പിടിയിലായത്.
ചങ്ങനാശേരി നഗരസഭ സ്റ്റേഡിയം കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ക്യഷി ഓഫിസില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതികളുടെ അടിസ്ഥാനത്തില്‍ കൃഷി ഓഫിസര്‍ വിജിലന്‍സിന്റ നിരീക്ഷണത്തിലായിരുന്നു. ഡാറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കിത്തരണമെന്ന അപേക്ഷയില്‍ കൈക്കൂലിയായി 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
ആവശ്യക്കാരന് നിരവധിതവണ ഓഫിസിലെത്തിയെങ്കിലും ഉദ്യോഗസ്ഥ ഭൂമി ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കാന്‍ തയാറായില്ല. ഇതേതുടര്‍ന്ന് അപേക്ഷകന് വിജിലന്‍സില്‍ പരാതി നല്കി. വിജിലന്‍സ് നിര്‍ദേശപ്രകാരം രാസവസ്തു പുരട്ടിയ നോട്ടുകള്‍ കൃഷി ഓഫിസര്‍ക്ക് കൈമാറുകയായിരുന്നു.
ഉടന്‍ സമീപത്ത് കാത്തുനിന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പണവുമായി ക്യഷി ഓഫിസറെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഓഫിസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 55,000 രൂപയും ഫയലുകളില്‍ വ്യാപകമായി കൃത്രിമം നടത്തിയതായി കണ്ടെത്തുകയും ചെയ്തു. കൂടാതെ സഹായിയായി ഓഫിസില്‍ അനധികൃതമായി നിയമിച്ച ചെത്തിപ്പുഴ സ്വദേശി ഷീബയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നിരവധി ഓഫിസ് ഫയലുകള്‍ കണ്ടെടുത്തിട്ടുണ്ട്.
പ്രതിയെ ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."