മന്ത്രി ക്ഷുഭിതനായി; ഏനാമാവ്, ഇടിയഞ്ചിറ വളയംകെട്ടുകള്‍ പൊളിച്ചുനീക്കി
അന്തിക്കാട് (തൃശൂര്‍): ഏനാമാവ്, ഇടിയഞ്ചിറ റെഗുലേറ്ററുകള്‍ക്ക് മുന്നിലുള്ള താല്‍ക്കാലിക വളയംകെട്ട് പൊളിച്ചുമാറ്റി. വിഷയത്തില്‍ നടപടി സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥരെ പരസ്യമായി മന്ത്രി വി.എസ് സുനില്‍കുമാര്‍ ശാസിച്ചിരുന്നു.
വളയംകെട്ടുകള്‍ പൊളിച്ചുമാറ്റി കാഞ്ഞാണി പെരുമ്പുഴ പാടത്തെ ചീപ്പും തുറന്നതോടെ മേഖലയിലെ കനത്ത വെള്ളക്കെട്ടിന് ആശ്വാസമായി. ചീപ്പ് പൂര്‍ണമായും തുറക്കാതിരുന്നതിനാല്‍ കോള്‍ മേഖലയിലെ വീടുകളില്‍ വെള്ളം കയറിയിരുന്നു. ചാഴുര്‍, താന്ന്യം, അന്തിക്കാട്, മണലൂര്‍, വെങ്കിടങ്ങ് പഞ്ചായത്തുകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയതിനാല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്. വളയംകെട്ട് പൊളിച്ചതോടെ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും ഭരണകൂടവും. അതേസമയം, ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിച്ച മന്ത്രിയുടെ നടപടി നാടകമാണെന്ന ആക്ഷേപവുമായി അനില്‍ അക്കര എം.എല്‍.എ രംഗത്തെത്തി. പുഴക്കല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വെള്ളക്കെട്ടിന് കാരണമായ ഏനാമാവ് വളയംകെട്ട് തുറന്നുവിടണമെന്ന ആവശ്യവുമായി 2017ല്‍ മന്ത്രിയെ സമീപിച്ചപ്പോള്‍ തന്നെ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ആളായി ചിത്രീകരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പും വളയംകെട്ട് തുറന്നുവിടണമെന്നാവശ്യപ്പെട്ട് കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തുനല്‍കിയിരുന്നു.
യാതൊരു നടപടിയുമുണ്ടായില്ല. ഇപ്പോള്‍ നിരവധി വീടുകളില്‍ വെള്ളംകയറുകയും പല പ്രദേശങ്ങളും വെള്ളക്കെട്ടിലാകുകയും ചെയ്തതോടെയാണ് വളയംകെട്ടിന്റെ പേരില്‍ മന്ത്രി പൊതുജനങ്ങള്‍ക്ക് മുന്നില്‍ നാടകം കളിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."