പ്രതിഷേധ സംഗമം നാളെ മാനന്തവാടിയില്‍
മാനന്തവാടി: പ്രളയക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് ജനങ്ങള്‍ തീരാദുരിതത്തില്‍ കഴിയുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ പോലും നല്‍കാന്‍ തയാറാകാത്ത റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ തയാറാകണമെന്ന് കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്റും പ്രദേശവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നഗരസഭ പരിധിക്കുള്ളില്‍ എതാണ്ട് 1500 കുടുംബങ്ങളെയാണ് പ്രളയസമയത്ത് ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ഈ കുടുംബങ്ങള്‍ക്ക് എല്ലാം പതിനായിരം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അര്‍ഹതപ്പെട്ട പകുതി ആളുകള്‍ക്കു പോലും ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല.
ലഭിച്ചവരില്‍ പലരും അനര്‍ഹരുമാണ്. ഉദ്യോഗസ്ഥ രാഷട്രീയകൂട്ട് കെട്ടില്‍ അര്‍ഹതയില്ലാത്തവര്‍ക്ക് നല്‍കിയ തുക ഉടന്‍ തിരിച്ചുപിടിക്കാന്‍ നടപടി വേണം.
ഇതുകൂടാതെ 36,1,2,3 ഡിവിഷനുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതുമൂലം പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട വീടുകള്‍ ഉള്‍പ്പെടെ നാനൂറോളം വീടുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നിലച്ചിരിക്കുന്നത്.
ഉരുള്‍പ്പൊട്ടിയ സ്ഥലങ്ങള്‍ക്ക് സമീപം താമസം തുടങ്ങിയവര്‍ക്ക് വീട്ടിലേക്കു പോകുന്നതിനുള്ള റോഡും നടപ്പാതകളും ഇല്ല. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ഇതുവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് എറെ പ്രതിഷേധാര്‍ഹമാണ്.
അതുപോലെ ഉരുള്‍പ്പൊട്ടലില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് നഗരസഭ വീട് വാടകക്ക് എടുത്ത് നല്‍കുമെന്നറിയിച്ചെങ്കിലും നടപ്പിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
മാനന്തവാടി ക്ഷിരസംഘം ഭരണ സമിതിയുടെ ഭാഗത്ത് സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ ദുരിതം പേറി കഴിയുമ്പോള്‍ സ്ഥലം എം.എല്‍.എയും മാനന്തവാടി നഗരസഭ ഭരണ സമിതിയും മൗനം വെടിഞ്ഞ് ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ തയാറാവണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ജനവഞ്ചനയില്‍ പ്രതിഷേധിച്ച് ദുരിതബാധിതരായ പൊതുജനങ്ങളെ അണിനിരത്തി ഒക്ടോബര്‍ 16ന് മാനന്തവാടിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡെന്നിസണ്‍ കണിയാരം, പ്രദേശവാസികളായ വിജയന്‍ പിലാക്കാവ്, എം.വി രാജേഷ്, വി.പി ഹമീദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."