സ്‌നേഹാദരങ്ങളില്‍ വീര്‍പ്പുമുട്ടി 'നൗഷാദിക്ക'; സ്വീകരണവും സമ്മാനവും വേണ്ട
കൊച്ചി: ചാക്കുകളില്‍ സ്‌നേഹം നിറച്ച് ദുരിതാശ്വാസ ക്യാംപുകള്‍ക്ക് സമ്മാനിച്ച എറണാകുളം ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരന്‍ മാലിപ്പുറം പനച്ചിക്കല്‍ വീട്ടില്‍ നൗഷാദിന് നാട്ടില്‍നിന്നും മറുനാട്ടില്‍നിന്നും സ്‌നേഹാദര പ്രവാഹം.
'സ്‌നേഹം മതി, എനിക്ക് സഹായങ്ങളോ സമ്മാനങ്ങളോ വേണ്ട. അത് അര്‍ഹിക്കുന്നവര്‍ക്ക്, ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കണം'. പെരുന്നാള്‍ കച്ചവടത്തിന് സജ്ജമാക്കിയ വസ്ത്രങ്ങളൊക്കെ ചാക്കിലാക്കി സാധനങ്ങള്‍ സംഭരിക്കുന്ന സംഘത്തിന് നല്‍കിയ നൗഷാദിന് പൊതു സമൂഹത്തോട് ഒരു അപേക്ഷ കൂടിയുണ്ട്; ഞാന്‍ ചെയ്തത് നല്ലതെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ നിങ്ങള്‍ എന്നെ മാതൃകയാക്കണം. ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ നിങ്ങളൊക്കെ ആത്മാര്‍ഥമായി പ്രാര്‍ഥിക്കണം.
ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാര്‍ മറൈന്‍ഡ്രൈവിന് എതിര്‍വശം ഒരുക്കിയ സ്വീകരണയോഗത്തിന് മറുപടിപറയുമ്പോള്‍ നൗഷാദ് തികച്ചും അമ്പരപ്പിലായിരുന്നു.
ചുവന്ന റോസാപ്പൂ നല്‍കിയാണ് സുഹൃത്തുക്കള്‍ നൗഷാദിനെ സ്വീകരിച്ചത്.
ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങള്‍ സംഭരിക്കാനെത്തിയ നടന്‍ രാജേഷ് ശര്‍മ, വില്‍ക്കാന്‍വച്ച വസ്ത്രങ്ങളൊക്കെ നൗഷാദ് നല്‍കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചപ്പോള്‍ മുതല്‍ അഭിനന്ദനപ്രവാഹമാണ്.
ചിലരൊക്കെ സഹായമായി പണം വാഗ്ദാനം ചെയ്തു. ഗള്‍ഫ് നാടുകളിലേക്ക് ചെലവുള്‍പ്പെടെ ക്ഷണിച്ചവരും നിരവധി. എന്നാല്‍ എല്ലാവരോടും നൗഷാദിന് ഒന്നേ പറയാനുള്ളൂ.
'സഹായങ്ങളൊന്നും വേണ്ട, സ്വീകരണത്തില്‍നിന്ന് ഒഴിവാക്കിയും തരണം. ഓണക്കച്ചവടമാണ് വരാന്‍പോകുന്നത്. സ്വീകരണത്തിന്റെ പിന്നാലെ പോയാല്‍ കഞ്ഞികുടിമുട്ടും. നോട്ട് നിരോധനത്തിനുശേഷം കച്ചവടമൊന്നും കാര്യമായിട്ടില്ല. ആകെ കിട്ടുന്ന കച്ചവടം ഓണം പോലുള്ള ആഘോഷങ്ങള്‍ക്കാണ്. അതുകൊണ്ട് സ്വീകരണത്തില്‍നിന്ന് തന്നെ ഒഴിവാക്കണം' അദ്ദേഹം അഭ്യര്‍ഥിച്ചു.
റിയാദിലെ ഫ്രൂട്ട്‌സ് കടയിലെ തൊഴിലാളിയായിരുന്ന താന്‍ സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി നാട്ടില്‍ തിരിച്ചെത്തിയിട്ട്. ഒരു സമ്പാദ്യവുമില്ലാതെ ജോലി അന്വേഷിച്ചു നടന്ന തനിക്ക് മാര്‍ക്കറ്റിലെ സുലൈമാനിക്കയാണ് തുണയായത്.
സുലൈമാനിക്ക പണം മുടക്കികൊണ്ടുവരുന്ന വസ്ത്രങ്ങളായിരുന്നു ആദ്യം വില്‍പന നടത്തിയിരുന്നത്.
പിന്നീടാണ് സ്വന്തമായി വസ്ത്രമെടുത്ത് വില്‍ക്കാന്‍ തുടങ്ങിയത്. ഇന്നും സമ്പാദ്യമൊന്നുമില്ല. വലതുകൈകൊണ്ട് നല്‍കുന്നത് ഇടതുകൈ അറിയരുതെന്ന് നിര്‍ബന്ധവുമുണ്ട്.
താന്‍ ചെയ്തകാര്യം ഫേസ്ബുക്കിലൂടെ അറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാര്‍ ദുബായില്‍ നിന്ന് വിളിച്ചിരുന്നു. തങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നും എന്നാല്‍ ആ ആഘോഷമൊക്കെ മാറ്റിവച്ച് പണം നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുകയാണെന്നും പറഞ്ഞു. പ്രളയബാധിതമേഖലയിലേക്ക് ഒരുപാട് പേര്‍ വിളിച്ചിട്ടുണ്ട്. 'ദൈവം അനുഗ്രഹിച്ചാല്‍ പോകും, ആകുന്നപോലെ സഹായിക്കും. കണ്ണടച്ചുതുറക്കുന്ന സമയം മതിയല്ലോ പടച്ചവന് എല്ലാം തിരിച്ചെടുക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."