അപ്പീല്‍ കോടതി തുണയായി: മലപ്പുറം സ്വദേശിക്ക് 1.80 കോടി നഷ്ടപരിഹാരം
ദുബൈ: ഏറെ നിയമ പോരാട്ടങ്ങള്‍ക്കുശേഷം വാഹനാപകടക്കേസില്‍ കീഴ്‌ക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക ഒന്‍പതു ലക്ഷമാക്കി ഉയര്‍ത്തി ദുബൈ അപ്പീല്‍ കോടതി ഉത്തരവ്. മലപ്പുറം കോട്ടക്കല്‍ കല്‍പകഞ്ചേരി കുറുകത്താണി സ്വദേശി യൂസഫ് കലാനാണ് (47) നഷ്ടപരിഹാരം ലഭിക്കുക. ഫുജൈറ രജിസ്‌ട്രേഷനിലുള്ള കാര്‍ ഇടിച്ചാണു യൂസഫിന് ഗുരുതരമായ പരുക്കേറ്റത്. ഫുജൈറ, ദിബ്ബ ട്രാഫിക് പൊലിസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്യുകയും അപകടം സംഭവിച്ച യൂസഫ് കലാനെയും കാര്‍ ഡ്രൈവറെയും കുറ്റക്കാരായി കണ്ടെത്തി പിഴ ചുമത്തുകയും ചെയ്തു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യൂസഫിനെ സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടലില്‍ ദൈദ്, ഫുജൈറ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ക്കു ശേഷം തുടര്‍ചികിത്സക്കായി നാട്ടിലേക്കു അയക്കുകയും ചെയ്തു. വാഹനാപകടത്തില്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനായി പരാതിക്കാരന്റെ ബന്ധുക്കളും സന്നദ്ധ പ്രവര്‍ത്തകരും അഭിഭാഷകരെ സമീപിച്ചെങ്കിലും ഭീമമായ ചികിത്സാ ചെലവ് ആശുപത്രികളില്‍ നല്‍കിയതിനാലും യൂസഫിന്റെ ഭാഗത്ത് വീഴ്ചയുള്ളതുകൊണ്ടും നഷ്ടപരിഹാരം ലഭിക്കില്ലെന്നു പറഞ്ഞ് അധികൃതര്‍ കൈയൊഴിയുകയായിരുന്നു.
പിന്നീട് ഷാര്‍ജയിലെ നിയമ പ്രതിനിധി സലാം പാപ്പിനിശേരിയെ കെ.എം.സി.സി പ്രവര്‍ത്തകര്‍ മുഖേന യൂസഫിന്റെ കുടുംബം സമീപിച്ച് ദുബൈ കോടതിയില്‍ അഡ്വ. അലി ഇബ്രാഹിം മുഖേന ഇന്‍ഷുറന്‍സ് കമ്പനിക്കും വാഹന ഉടമക്കും ഡ്രൈവര്‍ക്കുമെതിരേ ഹരജി നല്‍കി. ഇന്‍ഷുറന്‍സ് കമ്പനിക്കായി ഹാജരായ അഭിഭാഷകര്‍ കേസ് പരിഗണിക്കുന്നതില്‍ കോടതിക്കുള്ള അധികാരപരിധി ചോദ്യം ചെയ്യുകയും അപകട കാരണം വാഹനമോടിച്ച ഡ്രൈവറുടേതല്ലെന്നും പരാതിക്കാരന്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടന്നതാണെന്നും വാദിച്ചു.
ഇരുഭാഗത്തേയും വാദങ്ങള്‍ കേട്ട കോടതി, അപകടംമൂലം ജോലി ചെയ്യാനുള്ള ശേഷി നഷ്ടപ്പെട്ടതും ശാരീരിക, മാനസിക നഷ്ടവും ചികിത്സാ ചെലവും പരിഗണിച്ച് രണ്ടു ലക്ഷം ദിര്‍ഹമും കോടതി ചെലവും നഷ്ടപരിഹാരമായി പരാതിക്കാരനു നല്‍കാന്‍ ആദ്യം ഉത്തരവിട്ടു. പിന്നീട് കീഴ്‌കോടതി വിധിച്ച രണ്ടു ലക്ഷം ദിര്‍ഹം അപര്യാപ്തമാണെന്നു കണ്ടെത്തിയ അപ്പീല്‍ കോടതി നഷ്ടപരിഹാരത്തുക ഒന്‍പതു ലക്ഷം ദിര്‍ഹമായി ഉയര്‍ത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."