അവര്‍ കാണാമറയത്തു തന്നെ
മേപ്പാടി(വയനാട്): കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലുവരെ പുത്തുമലക്കാരും തൊട്ടടുത്ത പച്ചക്കാടുകാരും ചിരിച്ചും കളിച്ചും ജീവിതം മുന്നോട്ടുകൊണ്ടുപോയവരാണ്. എന്നാല്‍ പ്രകൃതി സംഹാര താണ്ഡവമാടിയപ്പോള്‍ നിലച്ചത് ഇവിടത്തുകാരുടെ ഈ കളി ചിരികള്‍ മാത്രമല്ല. അവര്‍ക്ക് നഷ്ടപ്പെട്ടത് വിലമതിക്കാനാവാത്ത പലതുമാണ്. മാതാപിതാക്കള്‍, ഭാര്യമാര്‍, കുഞ്ഞുങ്ങള്‍, സഹോദരങ്ങള്‍, അയല്‍ക്കാര്‍ അങ്ങിനെ ഒന്നുകൊണ്ടും പകരംവയ്ക്കാനാവാത്ത പലതും അവര്‍ക്ക് നഷ്ടപ്പെട്ടു.
സംഭവം നടന്നിട്ട് ഇന്നേക്ക് ഒരാഴ്ച പിന്നിടുമ്പോഴും അവരുടെ കണ്ണീര്‍ച്ചാലുകള്‍ വറ്റിയിട്ടില്ല. അവരിപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പറ്റിയ ദുരവസ്ഥയോര്‍ത്ത് ക്യാമ്പുകളിലും ബന്ധുവീടുകളിലും കണ്ണീര്‍വാര്‍ത്തിരിക്കുകയാണ്.
പല കുടുംബങ്ങളും ദുരന്തഭൂമിക്ക് അക്കരയും ഇക്കരയും മിഴിയടക്കാതെ നോക്കിയിരിക്കുന്നുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഇന്നും കാണാമറയത്താണെന്നുള്ള ഹൃദയം പിളര്‍ക്കുന്ന വേദനയാണ് ഇവരെ ഇവിടെയിരുത്തുന്നത്.
പലരും വികാരങ്ങളെല്ലാം നഷ്ടപ്പെട്ട് വിറങ്ങലിച്ച അവസ്ഥയിലാണ് ഇപ്പോഴുമുള്ളത്. ദുരന്തത്തില്‍നിന്ന് ആരും ഇതുവരെ മുക്തി നേടിയിട്ടില്ല. ഇനി മുന്നോട്ടുള്ള ജീവിതം എങ്ങിനെയെന്ന ചിന്തയും ഇവരെ അലട്ടുന്നുണ്ട്. ജീവിതകാലം മുഴുവനുമുള്ള അധ്വാനങ്ങള്‍ ഒരുനിമിഷം കൊണ്ട് ഇല്ലാതായ ഇവരെ എങ്ങിനെ സമാധാനിപ്പിക്കുമെന്നത് സന്നദ്ധ പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കുഴക്കുന്ന ചോദ്യമായും നിലകൊള്ളുകയാണ്. ഇവരുടെ പുനരധിവാസം എങ്ങിനെയെന്നതാണ് ഇപ്പോള്‍ അധികൃതരുടെ മുന്നിലുള്ള മറ്റൊരു ചോദ്യം. തോട്ടം തൊഴിലാളികളും മറ്റ് ജോലിയില്‍ ഏര്‍പ്പെട്ടവരുമായി നൂറിലധികം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന പ്രകൃതിരമണീയമായ പ്രദേശമായിരുന്നു പുത്തുമല. വയനാട്ടിലെ ഊട്ടിയെന്നായിരുന്നു പുത്തുമല അറിയപ്പെട്ടിരുന്നതും. ആ പ്രദേശമാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്. ദുരന്തത്തില്‍ ഇതുവരെ 10 പേരുടെ മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്.
ഇനിയും എട്ടുപേരെ കണ്ടെത്താനുണ്ട്. ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അറുനൂറോളം സന്നദ്ധ പ്രവര്‍ത്തകര്‍ ദുരന്തഭൂമിയുടെ വിവധയിടങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും 10 അടിയിലധികം ഉയരത്തില്‍ മണ്ണു വന്നടിഞ്ഞതു തിരച്ചിലിനെ ദുഷ്‌കരമാക്കുകയാണ്.
തങ്ങള്‍ക്കു സാധിക്കുന്ന തരത്തിലെല്ലാം കാണാമറയത്തുള്ളവര്‍ക്കായി അധികൃതര്‍ തിരച്ചില്‍ നടത്തുന്നെങ്കിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ തിരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇനിയും കാണാമറയത്തുള്ളത് സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഏഴു പേരാണ്.
പ്രദേശത്തുകാരായ അവറാന്‍(68), അബൂബക്കര്‍(62), ഷൈല(32), അണ്ണയ്യ(56), നബീസ(72), ഹംസ(62), തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി ഗൗരിശങ്കര്‍(26) എന്നിവര്‍.
ദുരന്തത്തില്‍ ഇതുവരെ മരണപ്പെട്ടത് ചോലശേരി അലവിയുടെ മകന്‍ ഇബ്രാഹിം(38), കുന്നത്ത് നൗഷാദിന്റെ ഭാര്യ ഹാജറ(28), പുത്തുമല എസ്‌റ്റേറ്റില്‍ കാന്റീന്‍ നടത്തുന്ന ഷൗക്കത്തിന്റെയും മുനീറയുടെയും മകന്‍ മുഹമ്മദ് മിഹ്‌സിബ്(3), കാകൂത്ത് പറമ്പില്‍ ഖാലിദ്(47), മകന്‍ ജുനൈദ്(23), പുത്തുമല അയ്യൂബ്(42), പൊള്ളാച്ചി സ്വദേശി കാര്‍ത്തിക്(27), പുത്തുമല സെല്‍വന്‍(62), ഭാര്യ റാണി(57), ചന്ദ്രന്റെ ഭാര്യ അജിത(42) എന്നിവരുടെ മൃതദേഹങ്ങളാണ് ഇതുവരെ ദുരന്തഭൂമിയില്‍നിന്നു കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."