ജീവിതം ആസ്വദിക്കുന്ന മോദി രാജ്യത്തെ ജനങ്ങളുടെ പട്ടിണി മറന്നു: രാഹുല്‍
ന്യൂഡല്‍ഹി: ഗംഭീരമായ പ്രസംഗങ്ങള്‍ നടത്തിയും ജീവിതം ആസ്വദിച്ചും നടക്കുന്ന മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ മറന്നുപോയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആഗോളതലത്തില്‍ പട്ടിണികിടക്കുന്ന ജനങ്ങളുള്ള 119 രാജ്യങ്ങളില്‍ 103ാം സ്ഥാനത്താണ് ഇന്ത്യ. അന്താരാഷ്ട്ര ഭക്ഷ്യ നയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം 103 ആണെന്ന് വ്യക്തമാക്കിയതെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് പറഞ്ഞ് ജനങ്ങള്‍ക്ക് നല്ല പ്രസംഗങ്ങളാണ് നല്‍കുന്നത്. എന്നാല്‍, ജനങ്ങളുടെ വയറിനെക്കുറിച്ച് അദ്ദേഹം മറന്നുപോകുകയാണ്. യോഗ ചെയ്തും ജീവിതം ആസ്വദിച്ചും നടക്കുന്ന മോദി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യം മറക്കുകയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
അതേസമയം രൂക്ഷമായ പട്ടിണി അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 103 എന്നത് വളരെ ഗൗരവത്തോടെതന്നെ കാണേണ്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ടും വ്യക്തമാക്കി. മോദിയും ബി.ജെ.പിയുടെ മറ്റ് നേതാക്കളും ഒരിക്കല്‍പോലും രാജ്യത്തെ ജനങ്ങളുടെ പട്ടിണിയെക്കുറിച്ച് പറയുന്നില്ല.
ജനങ്ങളുടെ പട്ടിണി മാറ്റാന്‍ കഴിയാത്ത അവര്‍ക്കെങ്ങനെ രാജ്യത്ത് മെച്ചപ്പെട്ട നയം നടപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
മോദിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും ഒരിക്കല്‍പോലും പാവങ്ങളെക്കുറിച്ചോ അവരുടെ പട്ടിണിയെക്കുറിച്ചോ പറയുന്നില്ല. ഭക്ഷണം നല്‍കാന്‍ സംവിധാനമില്ലാതെ പുതിയ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശന്നുവലയുന്നവന്റെ വായിലേക്ക് നയങ്ങളാണ് ഭക്ഷണത്തിനായി നല്‍കുന്നതെന്നും ഗലോട്ട് ആരോപിച്ചു.
രാജ്യത്തെ ജനങ്ങളുടെ ആവശ്യത്തിനാണ് ആദ്യം മുന്‍ഗണന നല്‍കേണ്ടത്. പ്രഥമമായി ചെയ്യേണ്ടത് പട്ടിണി തുടച്ചു നീക്കുകയും ജനങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്‍കുകയെന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
2016ലെ പട്ടിണി സംബന്ധിച്ച പട്ടികയില്‍ 119 രാജ്യങ്ങളില്‍ 97ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2017ല്‍ ഇത് 100ലെത്തുകയും 2018ല്‍ 103ാം സ്ഥാനത്തെത്തുകയും ചെയ്തിരിക്കുകയാണ്.
ശ്രീലങ്ക 67ാം സ്ഥാനത്തും നേപ്പാള്‍ 72ാം സ്ഥാനത്തും ബംഗ്ലാദേശ് 86ാം സ്ഥാനത്തുമാണ്. ഈ രാജ്യങ്ങള്‍ക്കും താഴെയാണ് ഇന്ത്യയുടെ സ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."