കലാമണ്ഡലം ഗോപിയുടെ അശീതി സ്മാരകമായി കഥകളി തിയറ്റര്‍ സ്ഥാപിക്കും: മന്ത്രി.
തൃശൂര്‍: പത്മശ്രീ കലാമണ്ഡലം ഗോപിയുടെ അശീതി സ്മാരകമായി തൃശൂരില്‍ കഥകളി തിയറ്റര്‍ സ്ഥാപിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അശീതി ആഘോഷത്തിന്റെ സമാപന ദിനത്തിലെ സൗഹൃദ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂരില്‍ ടൂറിസം വകുപ്പ് നിര്‍മിക്കുന്ന സാംസ്‌കാരിക സമുച്ഛയത്തിന്റെ ഭാഗമായാണ് കഥകളി തിയറ്റര്‍ സജ്ജമാക്കുക.
കഥകളിയിലെ ജനകീയമുഖമാണ് കലാമണ്ഡലം ഗോപി. ദൈവത്തിന്റെ സ്വന്തം നാടിനെ കഥകളിയുടെ സ്വന്തം നാടെന്ന വിശേഷണത്തിനര്‍ഹനാക്കിയതില്‍ സുപ്രധാന പങ്ക് ഗോപിയാശാന് അവകാശപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം കലാ സാംസ്‌കാരിക പൈതൃകം കൂടി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പൊതുവിദ്യാലയ സംരക്ഷണ യജ്ഞം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.
കലയേയും കലാകാരന്‍മാരേയും കണ്ടെത്താനും വളര്‍ത്തിയെടുക്കാനുമുള്ള ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും രവീന്ദ്രനാഥ് പറഞ്ഞു.
മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ സംബന്ധിച്ചു. കലാമണ്ഡലം ഹൈദരലിക്കുകൂടി ഉചിതമായ സ്മാരകമൊരുക്കുന്ന കാര്യം സംഗീത നാടക അക്കാദമി പരിഗണിച്ചു വരികയാണെന്ന് അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി.ലളിത പറഞ്ഞു. പി.കെ.ബിജു എം.പി.അശീതി ദീപ പ്രഭാതം നിര്‍വഹിച്ചു.
സംവിധായകന്‍ ഷാജി എന്‍.കരുണ്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ഗായകന്‍ ജയചന്ദ്രന്‍, സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍, നര്‍ത്തകി പത്മശ്രീ ഭാരതി ശിവജി, കവി ഡോ.സി.രാവുണ്ണി, വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, കെ.ബി.ശ്രീദേവി പങ്കെടുത്തു.
പ്രമുഖരടക്കം നൂറു കണക്കിന് പേരാണ് ഗോപിയാശാന് അശീതി പ്രണാമമര്‍പ്പിക്കാനെത്തിയത്. ചാക്യാര്‍കൂത്തും കഥകളിയും ആഘോഷ പരിപാടികളുടെ ഭാഗമായി അരങ്ങേറി. ജന്മദിനസദ്യയും ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."