കശ്മിര്‍ തുറന്ന ജയിലെന്ന് വസ്തുതാന്വേഷണ സംഘം
.
ന്യൂഡല്‍ഹി: കശ്മിരിലെ സ്ഥിതി ഭീതിജനകമെന്ന് കശ്മിര്‍ സന്ദര്‍ശിച്ച വസ്തുതാന്വേഷണ സംഘം. തുറന്ന ജയിലിലാണ് കശ്മിരികള്‍ കഴിയുന്നതെന്നും അവര്‍ കടുത്ത പ്രയാസത്തിലാണെന്നും ഇവിടം സന്ദര്‍ശിച്ച സംഘം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സൈന്യത്തിന്റെ പിടിയിലാണ് കശ്മിര്‍. അവര്‍ ഷുഭിതരാണ്. എന്നാല്‍ അവരെല്ലാം പേടിയോടെയാണ് കഴിയുന്നത്.
സി.പി.ഐ (എം.എല്‍) നേതാവ് കവിതാ കൃഷ്ണന്‍, സാമ്പത്തിക വിദഗ്ധന്‍ ഴാന്‍ ഡ്രെസെ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിനിധി മൈമൂന മൊല്ല, നാഷനല്‍ അലയ്ന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റിന്റെ വിമല്‍ ഭായ് എന്നിവരാണ് കശ്മിര്‍ സന്ദര്‍ശിച്ചത്. ഇക്കഴിഞ്ഞ 9 മുതല്‍ 13 വരെയായിരുന്നു ഇവരുടെ സന്ദര്‍ശനം. അതീവ ഗൗരവമുള്ള സാഹചര്യമാണ് കശ്മിരിലുള്ളതെന്ന് വസ്തുതാന്വേഷണ സംഘം വ്യക്തമാക്കി. ഈദ് ദിനത്തില്‍പോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. പ്രധാനപ്പെട്ട പള്ളികളില്‍ ഈദ് നമസ്‌കാരം അനുവദിച്ചില്ല. ഈദ്ഗാഹുകളും വിലക്കിയിരുന്നു. അടുത്തുള്ള ചെറിയ പള്ളികളില്‍ ഈദ് നമസ്‌കാരത്തിന് പോകാന്‍ മാത്രമാണ് അനുമതി നല്‍കിയത്. വീടുകളില്‍ അര്‍ധരാത്രി സൈന്യമെത്തി യുവാക്കളെ പിടിച്ചുകൊണ്ടു പോകുകയും സൈനിക ക്യാംപിലും പൊലിസ് സ്‌റ്റേഷനുകളിലും അനധികൃത തടവില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നു. മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയവരെയും പള്ളിയിലേക്ക് പോകാനിറങ്ങിയ ഏഴു വയസുകാരനെ പോലും ഇത്തരത്തില്‍ പിടിച്ചുകൊണ്ടുപോയി.
കാമറക്ക് മുന്നില്‍ സംസാരിക്കാനോ ഫോട്ടോയില്‍ മുഖം കാണിക്കാനോ പലരും തയാറാകുന്നില്ല. കടകളൊന്നും തുറക്കുന്നില്ല. കശ്മിരില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കുന്നില്ല. അസാധാരണമായ സൈനിക സാന്നിധ്യമാണ് കശ്മിരിലുള്ളതെന്നും സംഘം പറയുന്നു. ഏതു സാഹചര്യത്തിലും അവിടെയൊരു പൊട്ടിത്തെറിയുണ്ടാകാം. അത് എപ്പോള്‍, എങ്ങനെ എന്നത് മാത്രമേ ആലോചിക്കേണ്ടതുള്ളൂ എന്നും ഇവര്‍ പറഞ്ഞു.
അതിനിടയില്‍ വസ്തുതാന്വേഷണ സംഘം തയാറാക്കിയ വിഡിയോ പ്രദര്‍ശിപ്പിക്കാന്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചു. കശ്മിര്‍ കെയ്ജ്ഡ് എന്ന പേരിലാണ് അവര്‍ വിഡിയോ തയാറാക്കിയത്. കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദം കാരണമാണ് പ്രസ്‌ക്ലബ് അനുമതി നല്‍കാത്തതെന്നാണ് വിവരം. വിഡിയോ പിന്നീട് യൂട്യൂബില്‍ പ്രസിദ്ധപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."