യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു വെട്ടേറ്റു
ഉദുമ: മാങ്ങാട്ട് ആര്യടുക്കത്ത് കോണ്‍ഗ്രസ് പ്രവര്ത്തന് വെട്ടേറ്റു. നേരത്തെയുണ്ടായ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്ച്ച രാത്രി കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റതെന്ന് പൊലിസ് പറയുന്നു. അക്രമത്തെ തുടര്‍ന്നു മാങ്ങാടും പരിസരത്തും പൊലിസ് ജാഗ്രത പുലര്‍ത്തുകയാണ്.
ആര്യടുക്കം സ്കൂളിന് സമീപം താമസിക്കുന്ന അമ്പാടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ദിനേശ (34) നെയാണ് ഒരു സംഘം വെട്ടിയത്.
ഞായറാഴ്ച രാത്രി പത്തുമണിയോടെ ആര്യടുക്കം പെരിയാര്‍ ക്വാര്‍ട്ടേഴ്സിന് മുന്നില്‍ ഇരിക്കുകയായിരുന്ന ദിനേശനെ 20 ഓളം വരുന്ന സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മഴു, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. ഇരു കൈകള്‍ക്കും കാലിനും വെട്ടേറ്റ പരുക്കുകളോടെ ദിനേശനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ് റോഡരികില്‍ കിടന്ന ദിനേശനെ ഓടിക്കൂടിയ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പരിസരവാസികളെത്തിയപ്പോഴാണ് അക്രമികള്‍ സ്ഥലം വിട്ടത്. ശനിയാഴ്ച്ച രാത്രി മാങ്ങാട്ട് സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായിരുന്നു. ഈ പ്രശ്നത്തിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്ച രാത്രി അക്രമമുണ്ടായത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലിസ് സ്ഥലത്തെത്തി. മാങ്ങാട് പൊലിസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന ദിനേശന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 20-ഓളം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."