ജനറല്‍ ആശുപത്രിയിലെ എക്‌സറേ യൂനിറ്റിനു താഴുവീണിട്ടു രണ്ടു വര്‍ഷം
കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റേ യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചിട്ടു രണ്ടു വര്‍ഷം. ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു എക്‌സറേ യന്ത്രങ്ങളും രണ്ടുവര്‍ഷമായി പണിമുടക്കിയതോടെയാണ് എക്‌സറേ യൂനിറ്റിനു താഴുവീണത്.
ജനറല്‍ ആശുപത്രിയിലേക്ക് എക്‌സറേയെടുക്കാന്‍ എത്തുന്നവരെ സ്വകാര്യസ്ഥാപനങ്ങളിലേക്ക് പറഞ്ഞുവിടുകയാണ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍ ചെയ്യുന്നത്. കുറഞ്ഞ ചെലവില്‍ എക്‌സ്‌റേയെടുക്കാന്‍ രോഗികള്‍ക്കുണ്ടായിരുന്ന സൗകര്യങ്ങളാണ് ജനറല്‍ ആശുപത്രി അധികൃതരുടെ നിരുത്തരവാദിത്തം കാരണം ഇല്ലാതായിരിക്കുന്നത്.
വാഹനാപകടങ്ങളിലും മറ്റും പരുക്കേറ്റ ക്ഷതങ്ങളുമായി നിരവധിപേര്‍ ഇപ്പോഴും ജനറല്‍ ആശുപത്രിയില്‍ ചികില്‍സക്കെത്തുന്നുണ്ട്.
ഇവരെ എക്‌സറേയെടുക്കാന്‍ പുറത്തേക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ആശുപത്രിയില്‍ എക്‌സ്‌റേ യൂനിറ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പലപ്പോഴും രോഗികള്‍ പുറത്തു എക്‌സറേയെടുക്കാന്‍ പോയാല്‍ നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. സ്വകാര്യ ആശുപത്രിയിലെയും സര്‍ക്കാര്‍ ആശുപത്രിയിലെയും രോഗികള്‍ എത്തുന്നതോടെ ജനറല്‍ ആശുപത്രി പരിസരത്തെ സ്വകാര്യ എക്‌സറേ ലാബുകളില്‍ വന്‍ത്തിരക്കാണ്.
പലപ്പോഴും സ്വകാര്യ ലാബുകളില്‍ നിന്നും എക്‌സറേയെടുത്ത് ജനറല്‍ ആശുപത്രിയില്‍ തിരിച്ചെത്തുമ്പോഴെക്കും ഡോക്ടര്‍ ഡ്യൂട്ടി കഴിഞ്ഞ് പോവുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. ഇതു നിര്‍ധനരായ രോഗികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
ജനറല്‍ ആശുപത്രിയില്‍ ഉപകരണങ്ങള്‍ കേടായാല്‍ നന്നാക്കാനുള്ള യാതൊരു നടപടിയും ഉണ്ടാകാറില്ലെന്നു പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. നിര്‍ധനകുടുംബങ്ങളില്‍പ്പെട്ട രോഗികള്‍ക്ക് പണം മുടക്കി സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും എക്‌സ്‌റേയെടുക്കേണ്ടിവരുന്ന ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി രാഷ്ട്രീയപാര്‍ട്ടികളും യുവജനസംഘടനകളും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയിരുന്നുവെങ്കിലും നടപടി മാത്രം ഉണ്ടായില്ല.
എക്‌സ്‌റേ യന്ത്രങ്ങള്‍ നന്നാക്കുന്നതിനും കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനും ആറുമാസം മുമ്പ് പി.ഡബ്ല്യു.ഡിക്ക് കരാര്‍ നല്‍കിയിരുന്നു.
എന്നാല്‍ കരാര്‍ ഇനിയും നടപ്പിലായിട്ടില്ല. എക്‌സ്‌റേയ്ക്കും സി.ടി സ്‌കാനിനുമായി ജനറല്‍ ആശുപത്രിയില്‍ പ്രത്യേക കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും അതും പാതിവഴിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."