റബ്കോയുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്ന പ്രചാരണങ്ങള്‍ തെറ്റെന്ന് ധനമന്ത്രി: ഖജനാവിലെ പണം പാര്‍ട്ടി ഫണ്ടല്ലെന്ന മുന്നറിയിപ്പുമായി ചെന്നിത്തല
തിരുവനന്തപുരം: കേരളാ ബാങ്കിന്റെ രൂപീകരണത്തിന്റെ പേരില്‍ റബ്കോയുടെ കിട്ടാക്കടം സര്‍ക്കാര്‍ എഴുതിത്തള്ളിയെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അസംബന്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍. ആരുടെയും ഒരു കടവും എഴുതിത്തള്ളിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഫേ്ബുക്കിലൂടെയാണ് മന്ത്രി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.
എന്നാല്‍ റബ്കോയുടെ കിട്ടാക്കടം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പൊതുഖജനാവിലെ പണം പാര്‍ട്ടി ഫണ്ട് പോലെ ചെലവഴിക്കുന്ന രീതി അപകടകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
കടം എഴുതിത്തള്ളല്‍ എന്തെന്ന് പറഞ്ഞുതരാം.
നമ്മുടെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ലക്ഷക്കണക്കിന് കോടിരൂപയുടെ വായ്പയാണ് കോര്‍പ്പറേറ്റുകള്‍ എടുത്തിട്ടുള്ളത്. ഇതില്‍ നല്ലൊരുപങ്ക് കിട്ടാക്കടമാണ്. 2014-18 ബിജെപി സര്‍ക്കാരിന്റെ ഭരണകാലത്ത് ബാങ്കുകള്‍ 3.17 ലക്ഷം കോടി രൂപ എഴുതിത്തള്ളി. ഈ എഴുതിത്തള്ളിയ കടം സഹകരണ മേഖലയുടേതോ പൊതുമേഖലയുടേതോ അല്ല. 90 ശതമാനത്തോളം വന്‍കിട കുത്തകകളുടേതാണ്. ഇതുമൂലം ബാങ്കുകള്‍ നഷ്ടത്തിലാണ്. ഈ നഷ്ടം നികത്താന്‍ 2017-18 സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കിയത് 88,139 കോടി രൂപയാണ്. 2018-19 ല്‍ 70,000 കോടി രൂപയും. ഇതിനെയാണ് ബാങ്ക് ക്യാപിറ്റലൈസേഷന്‍ എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത്.
കോര്‍പറേറ്റ് പ്രീണനത്തില്‍ കോണ്‍ഗ്രസിനെ കവച്ചുവെയ്ക്കുകയാണ് ബിജെപി. വന്‍കിട മുതലാളിമാര്‍ തിരഞ്ഞെടുപ്പുകാലത്ത് ബിജെപിയ്ക്കു നല്‍കിയ സഹായത്തിന്റെ പ്രത്യുപകാരമാണത്. കോര്‍പറേറ്റുകള്‍ ബിജെപിയെ അധികാരത്തിലേറ്റുന്നു. ചുമതലയേറ്റ ഉടനെ അവരുടെ വന്‍തോതിലുള്ള കടം എഴുതിത്തള്ളുന്നു. ലാഭം ബിജെപിയ്ക്കും കോര്‍പറേറ്റുകള്‍ക്കും. നഷ്ടം ഖജനാവിനും.
കേരളത്തില്‍ സഹകരണ സ്ഥാപനങ്ങളുടെ കടം ഏറ്റെടുത്തതിന്റെ ഫലമെന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? നമ്മള്‍ കേരളത്തില്‍ ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചുകൊണ്ട് ഒരു കേരള ബാങ്ക് രൂപീകരിക്കാനുള്ളപരിശ്രമത്തിലാണ്. ഈ ബാങ്ക് കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായിരിക്കും. എന്‍ആര്‍ഐ ഡെപ്പോസിറ്റുകൂടി സ്വീകരിക്കുവാനുള്ള അനുമതികൂടി ലഭിക്കുമ്പോള്‍ ഒരു സംശയവും വേണ്ട കേരളത്തിലെ ഏറ്റവും വലിയ ബാങ്കായിരിക്കും ഇത്. നമ്മുടെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ആധുനികവല്‍ക്കരിക്കാനും വിപുലീകരിക്കാനും സഹായിക്കും. എല്ലാറ്റിനുമുപരി കേരളത്തിലെ നിക്ഷേപകുതിപ്പിന് ഉത്തേജകമാകും.
കേരള ബാങ്കിന് അനുമതി നല്‍കേണ്ടത് റിസര്‍വ് ബാങ്കാണ്. സര്‍ക്കാരിന്റെ ഇതുസംബന്ധിച്ച ശുപാര്‍ശ പരിഗണിക്കുന്ന ഘട്ടത്തില്‍ ആര്‍ബിഐ ഒരു കാര്യം ചൂണ്ടിക്കാട്ടി. സംസ്ഥാന സഹകരണ ബാങ്കിന്റെ അറ്റ നഷ്ടം 247.69 കോടി രൂപയും 14 ജില്ലാ സഹകരണ ബാങ്കുകളുടെ അറ്റനഷ്ടം141.13 കോടി രൂപയുമാണ്. ഇതിനു കാരണം മാര്‍ക്കറ്റ് ഫെഡ്, റബര്‍ മാര്‍ക്ക്, റെബ്‌കോ എന്നീ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച വലിയ വായ്പകള്‍ എന്‍പിഎ ആയി മാറിയതാണ്.ടി സ്ഥാപനങ്ങളുടെ വായ്പാ കുടിശിക സംസ്ഥാന സഹകരണ ബാങ്കിന്റെ ആകെ എന്‍പിഎയുടെ 36 ശതമാനമാണ്. ഇവയ്ക്ക് പരിഹാരത്തുക വയ്ക്കുമ്പോഴാണ് ബാങ്കുകള്‍ നഷ്ടത്തിലാകുന്നത്. അതുകൊണ്ട് ഈ കുടിശികകള്‍ നീക്കം ചെയ്ത് ബാലന്‍സ് ഷീറ്റ് ക്ലീന്‍ ചെയ്യണം. എങ്കിലേ അനുമതി നല്‍കൂ.
ചില വിദ്വാന്‍മാര്‍ വാദിക്കുന്നതുപോലെ ഈ മൂന്നു സ്ഥാപനങ്ങളെ ജപ്തി ചെയ്തതുകൊണ്ട് കുടിശിക ഇല്ലാതാക്കാനാവില്ല. അതിന് ഇപ്പോള്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗ്ഗമേ ഉപായമായുള്ളൂ. സര്‍ക്കാരിന്റെ മുന്നിലുള്ള ചോദ്യം കേരള ബാങ്ക് വേണോ എന്നതാണ്. വേണം എന്നാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത ഉത്തരം. അതിനുവേണ്ടി സ്വീകരിച്ച നടപടിയാണ് മൂന്നു സ്ഥാപനങ്ങളുടെ വായ്പാ കുടിശിക ഏറ്റെടുക്കല്‍.
ഇതിന്റെ ഫലമായി സഹകരണ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ക്ലീന്‍ ആകുമെന്നല്ലാതെ ഈ മൂന്നു സഹകരണ സ്ഥാപനങ്ങളുടെ ബാലന്‍സ് ഷീറ്റ് ക്ലീന്‍ ആകണമെന്നില്ല. അവിടെ കുടിശിക തുടരും. ചര്‍ച്ചകളിലും ലേഖനങ്ങളിലും പലരും ചൂണ്ടിക്കാണിച്ച മാനേജ്‌മെന്റിലും ബിസിനസ് മോഡലിലും എല്ലാമുള്ള ഈ സ്ഥാപനങ്ങളുടെ വീഴ്ചകള്‍ പരിശോധിച്ച് മൊത്തം ഒരു പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായിട്ടേ ഇവരുടെ കുടിശിക സംബന്ധിച്ച് തീരുമാനമെടുക്കൂ. ഇതാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ തുടര്‍ന്നു വരുന്ന നയം. അതിന്റെ നേട്ടം ആര്‍ക്കും കാണാവുന്നതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷം 213 കോടി രൂപയിലേറെ നഷ്ടത്തിലായിരുന്ന നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞ ധനകാര്യ വര്‍ഷം അവസാനിച്ചപ്പോള്‍ 102 കോടി രൂപ അറ്റലാഭത്തിലാണ്. ഇതുതന്നെയാണ് സഹകരണ മേഖലയിലും ഞങ്ങള്‍ ലക്ഷ്യമിടുന്നത്.
ഈ ഇടപെടലിനെ വിമര്‍ശിക്കുന്നത് ആരൊക്കെയാണ്? കോണ്‍ഗ്രസും ബിജെപിയും. എന്റെ പല പോസ്റ്റിലും കോണ്‍ഗ്രസുകാരെക്കാള്‍ ആവേശത്തോടെ ബിജെപി അനുഭാവികള്‍ എഴുതിത്തകര്‍ക്കുകയാണ്. ഉളുപ്പ് എന്നൊരു വികാരം അവര്‍ക്കില്ലാത്തതുകൊണ്ട് എന്തുമെഴുതാം. കോണ്‍ഗ്രസുകാരോട് ഒരു കാര്യംകൂടി സൂചിപ്പിക്കട്ടെ റബ്ബര്‍ മാര്‍ക്കും മാര്‍ക്കറ്റ് ഫെഡും നിങ്ങളുടെ നിയന്ത്രണത്തിലാണ്.
ആരുടെ നിയന്ത്രണത്തിലുമാകട്ടെ, എല്‍ഡിഎഫിന്റെ നയം സുതാര്യമാണ്. സഹകരണ മേഖലയെയും പൊതുമേഖലയെയും കൈയൊഴിയാന്‍ ഞങ്ങള്‍ തയ്യാറല്ല. റബ്‌കോ പോലുള്ള സ്ഥാപനങ്ങളുടെ മാനേജ്‌മെന്റില്‍ മാറ്റം വരുത്തേണ്ടി വന്നേയ്ക്കാം. ഇന്നു് തുടരുന്നതുപോലെ പലതും തുടരാനും കഴിയില്ല. അക്കാര്യങ്ങളില്‍ കാലാനുസൃതമായ മാറ്റവും പൊളിച്ചെഴുത്തും കൂടിയേ തീരൂ. അതു ചെയ്യും. എന്നാല്‍, വായ്പാകുടിശികയുടെ പേരില്‍ സ്ഥാപനം നശിപ്പിക്കാനോ, തൊഴിലാളികളെ വഴിയാധാരമാക്കാനോ എല്‍ഡിഎഫില്ല.
സഹകരണ മേഖലയോടുള്ള ആഭിമുഖ്യത്തിന്റെ പേരിലാണ് ബിജെപിയും കോണ്‍ഗ്രസും ഇടതുപക്ഷ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെങ്കില്‍, ആ വിമര്‍ശനം ഞങ്ങളുടെ ശരിയായ നയത്തിനുള്ള അംഗീകാരമാണ്.
ചെന്നിത്തലയുടെ കുറിപ്പ്
സി പി എമ്മിന്റെ കെടുകാര്യസ്ഥത മൂലം തകര്‍ച്ച നേരിടുന്ന സ്ഥാപനമായ റബ്‌കോയെ രക്ഷിക്കാന്‍ പൊതുഖജനാവിലെ പണം പാര്‍ട്ടി ഫണ്ട് പോലെ ചിലവഴിക്കുന്ന രീതി അപകടകരമാണ്. കേരളാ ബാങ്കിന്റെ രൂപീകരണത്തിന്റെ പേരില്‍ സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. കേരളാ ബാങ്കിന് അംഗീകാരം നല്‍കണമെങ്കില്‍ സംസ്ഥാന സഹകരണബാങ്കിന്റെ കിട്ടാക്കടങ്ങള്‍ ഇല്ലാതാക്കണമെന്ന റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദേശത്തിന്റെ മറപിടിച്ചാണ് ഈ കള്ളക്കളി.
അഞ്ച് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും, സംസ്ഥാന സഹകരണ ബാങ്കും കൂടിയാണ് ഇത്രയും തുക കേവലം പ്രൈമറി സംഘമായ റബ്കോയ്ക് നല്‍കിയത്. ഒരു പൈസ പോലും പലിശയിനത്തില്‍ തിരിച്ചടച്ചില്ല. സി പി എം ഭരണത്തില്‍ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയാണ് സഹകരണ ബാങ്കുകളെക്കൊണ്ട് ഇത്രയും തുക വായ്പയായി നല്‍കിയത്. ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനായിരുന്നു റബ്കോയുടെ ആദ്യത്തെ ചെയര്‍മാന്‍. സി പി എം നേതാക്കളുടെ കെടുകാര്യസ്ഥതയില്‍ ഉണ്ടായ വന്‍ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടി പൊതുഖജനാവിനെ കൊള്ളയടിക്കുന്നതാണ്. പ്രളയത്തിന് നടുവില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ ഇത്തരത്തില്‍ നിരവധി ധൂര്‍ത്തുകളാണ് ആരും ശ്രദ്ധിക്കില്ലന്ന ധൈര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."