ദുരിതാശ്വാസ ക്യാംപില്‍ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ പണപ്പിരിവ്
ചേര്‍ത്തല: ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവു നടത്തിയ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരേ പൊലിസ് കേസെടുത്തു. സി.പി.എം കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം എസ്. ഓമനക്കുട്ടനെതിരേയാണ് അര്‍ത്തുങ്കല്‍ പൊലിസ് കേസെടുത്തത്. ചേര്‍ത്തല തഹസില്‍ദാര്‍ ആര്‍. ഉഷയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെ സി.പി.എമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ അറിയിച്ചു. ഓമനക്കുട്ടന്‍ പണപ്പിരിവു നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ചേര്‍ത്തല തെക്കു പഞ്ചായത്ത് ആറാം വാര്‍ഡിലെ എസ്.ടി കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാംപിലാണ് സംഭവം. ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ ക്യാംപ് ആവശ്യങ്ങള്‍ക്കെന്ന പേരില്‍ പണപ്പിരിവു നടത്തുന്ന ദൃശ്യങ്ങള്‍ ഇവിടെയുള്ള ഒരാള്‍ പുറത്തുവിട്ടിരുന്നു. ഇതു സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ തഹസില്‍ദാര്‍ ആര്‍. ഉഷ വിഷയം ജില്ലാഭരണകൂടത്തെ അറിയിച്ചു. ജില്ലാകലക്ടറുടെ നിര്‍ദേശ പ്രകാരമാണ് ചേര്‍ത്തല ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്. ഇതോടെയാണ് പൊലിസ് കേസെടുത്തത്.
136 കുടുംബങ്ങളിലെ 411 അംഗങ്ങളാണ് ഇവിടെ കഴിയുന്നത്. ക്യാംപിലെ വൈദ്യുതി ചാര്‍ജിനായി 70 രൂപ വീതം പിരിവ് ആവശ്യപ്പെട്ടെന്നാണ് പരാതി. കൂടാതെ ക്യാംപിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനും പണം പിരിച്ചതായി പറയുന്നു. ക്യാംപിലെ അന്തേവാസി കൂടിയാണ് ഓമനക്കുട്ടന്‍. ക്യാംപ് അംഗങ്ങളില്‍നിന്ന് ഇതുവരെ പരാതികള്‍ വന്നിട്ടില്ലെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. മുന്‍കാലത്ത് ഇവിടെ ക്യാംപ് പ്രവര്‍ത്തിച്ചപ്പോഴും സമാനമായ പിരിവുകള്‍ നടന്നതായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്യാംപില്‍ വൈദ്യുതിയില്ലാത്തതിനാല്‍ സമീപത്തെ വീട്ടില്‍ നിന്നാണ് വൈദ്യുതി എടുത്തിരുന്നത്.
പണപ്പിരിവ് നടന്നത് ഉദ്യോഗസ്ഥരുടെ വീഴ്ച: മന്ത്രി
ചേര്‍ത്തല: തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി ജി. സുധാകരന്‍. ക്യാംപ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാംപില്‍ മുഴുവന്‍ സമയം ഉണ്ടാകേണ്ട ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു.
അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് കുറുപ്പന്‍കുളങ്ങര സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടന്‍ പിരിവ് നടത്തിയത്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. ചെറിയ കാര്യമാണെങ്കിലും അത് സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കി. ക്യാംപിന്റെ നടത്തിപ്പിന് ആവശ്യമായ പണം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."