ഏകദിനവും കടന്ന്
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യം മഴ കളിച്ചു, തുടര്‍ന്ന് ഗെയില്‍ മിന്നല്‍, എന്നാല്‍ തന്റെ ഊഴമെത്തിയെന്നറിഞ്ഞ ഇന്ത്യന്‍ നായകന്‍ വീണ്ടുമൊരു താണ്ഡവം സൃഷ്ടിച്ചപ്പോള്‍ ഇന്ത്യക്ക് ഏകദിന പരമ്പര ലഭിച്ചതിനൊപ്പം പിറന്നത് അപൂര്‍വ റെക്കോര്‍ഡുകളും.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ മഴ കളം നിറഞ്ഞു കളിച്ചതിനു ശേഷമായിരുന്നു വിടവാങ്ങല്‍ മത്സരത്തില്‍ ഗെയിലും മൈതാനത്ത് ഷോട്ടുകള്‍ പായിച്ച് സ്വന്തം ആരാധകരെ കൈയിലെടുത്തത്. തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ ടീമും പിന്നോട്ടടിച്ചില്ല. നായകന്റെ സെഞ്ച്വറിയും (99 പന്തില്‍ പുറത്താവാതെ 114) യുവതാരം ശ്രേയസ് അയ്യറുടെ അര്‍ധ സെഞ്ച്വറിയും (41 പന്തില്‍ 65) ഓവര്‍ വെട്ടിക്കുറച്ച മത്സരത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ഒപ്പം 2-0 ന്റെ പരമ്പരയും. കോഹ് ലി തന്നെയാണ് കളിയിലെയും പരമ്പരയിലെയും താരം. നേരത്തേ രണ്ടാം ഏകദിനത്തിലും താരം സെഞ്ച്വറി കുറിച്ചിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തപ്പോള്‍ കളിയുടെ ഇടയ്ക്ക് മഴയെത്തി. ഇതോടെ മത്സരം 35 ഓവറാക്കി ചുരുക്കിയപ്പോള്‍ വിന്‍ഡിസ് സ്‌കോര്‍ ഏഴിന് 240 ല്‍ അവസാനിച്ചു. എന്നാല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് പ്രകാരം 35 ഓവറില്‍ 255 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 32.3 ഓവറില്‍ 256 റണ്‍സെടുത്ത് പരമ്പര സ്വന്തമാക്കുകയായിരുന്നു. നേരത്തേ നടന്ന പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മോശം ഫോമിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ധവാന്‍ ഇത്തവണ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ സംഭാവന (36 പന്തില്‍ 36) നല്‍കിയാണ് മടങ്ങിയത്. എന്നാല്‍ രോഹിതിന് (10) തിളങ്ങാനായില്ല.
തുടര്‍ന്നാണ് കോഹ്‌ലി മത്സരം ഇന്ത്യന്‍ വരുതിയിലാക്കിയത്. പക്ഷേ, റിഷഭ് പന്ത് വീണ്ടും (0) നിരാശ നല്‍കി. തുടര്‍ന്ന് ഒരുമിച്ച കോഹ്‌ലിയും അയ്യറും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ച് കയറ്റുകയായിരുന്നു. റിഷഭ് പന്ത് പുറത്താവുമ്പോള്‍ 12.4 ഓവറില്‍ മൂന്നിന് 92 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ ശേഷമെത്തിയ അയ്യര്‍ കോഹ്‌ലിയോടൊപ്പം ബാറ്റേന്തി 120 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് സ്ഥാപിച്ചാണ് കരകയറ്റിയത്. അതോടെ ഇന്ത്യ ജയത്തിനരികെ എത്തിയിരുന്നു.
പിന്നീട് കേദാര്‍ ജാദവും (12 പന്തില്‍ പുറത്താവാതെ 19) കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യയെ വിജയ തീരത്തെത്തിച്ചു. കരീബിയന്‍സിന് വേണ്ടി ഫാബിയന്‍ അലെന്‍ രണ്ടും കെമര്‍ റോച്ച് ഒരു വിക്കറ്റും നേടി.
ആദ്യ ബാറ്റിനിറങ്ങിയ വിന്‍ഡീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ നാല് ബാറ്റ്‌സ്മാന്‍മാരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഗെയിലിനെ കൂടാതെ എവിന്‍ ലെവിസ് (43), ഷായ് ഹോപ് (24), ഷിംറോണ്‍ ഹിറ്റ്‌മെയര്‍ (25), നിക്കോളാസ് പൂരന്‍ (30) മോശമാക്കിയില്ല. ഇന്ത്യക്കായി ഖലീല്‍ അഹമ്മദ് മൂന്നും മുഹമ്മദ് ഷാമി രണ്ടും വിക്കറ്റുകളെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."