പ്രളയം: ആധാരത്തിന്റെ പകര്‍പ്പിന് ഫീസ് ഈടാക്കില്ല
തിരുവനന്തപുരം: പ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും ആധാരം നഷ്ടപ്പെട്ടവര്‍ക്ക് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിക്കുന്നതിന് ഫീസ് ഈടാക്കേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. പ്രളയക്കെടുതിയില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാരോ സംഘടനകളോ വ്യക്തികളോ സൗജന്യമായി നല്‍കുന്ന ഭൂമിയുടെ രജിസ്‌ട്രേഷനാവശ്യമായ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയും ഒഴിവാക്കും.
സര്‍വേ നടന്നിട്ടില്ലാത്ത ഭൂമിയുടെ കരം സ്വീകരിക്കാന്‍ നേരിടുന്ന തടസം ഒഴിവാക്കുന്നതിന് 1961ലെ കേരള ഭൂനികുതി ആക്ടില്‍ ഭേദഗതി വരുത്തും. സര്‍വേ ചെയ്തിട്ടില്ലാത്ത ഭൂമിയുടെ കരം സ്വീകരിക്കാനുള്ള സമയപരിധി നിലവിലെ നിയമപ്രകാരം 1975 ഡിസംബര്‍ 31 ആണ്. എന്നാല്‍, പല വില്ലേജുകളിലും ഇതുവരെ സര്‍വേ പൂര്‍ത്തിയായിട്ടില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് ഭേദഗതി കൊണ്ടുവന്നത്.
പുതുതായി പ്രവര്‍ത്തനം തുടങ്ങിയ നാല് പൊലിസ് സ്റ്റേഷനുകളിലേക്ക് 49 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കൂടാതെ 2015-16 അധ്യയനവര്‍ഷം അനുവദിച്ച സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേക്കും അധിക ബാച്ചുകളിലേക്കും മതിയായ എണ്ണം കുട്ടികളുള്ള 39 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേക്കുമായി 259 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
2019ലെ പൊതു അവധി ദിനങ്ങളുടെ പട്ടികയും മന്ത്രിസഭാ യോഗം അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."