ദലിത് ആക്ഷേപം: സന്തോഷ് ഏച്ചിക്കാനത്തിനെതിരേ കേസ്
കാഞ്ഞങ്ങാട്: ദലിത് സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചുവെന്ന് ആരോപിച്ചു എഴുത്തുകാരന് സന്തോഷ് ഏച്ചിക്കാനത്തിനെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. എസ്.സി, എസ്.ടി ആക്ട് 31 യു പ്രകാരമാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്.ഐ എ. സന്തോഷ് കുമാര്‍ ഏച്ചിക്കാനം ചാമക്കൊച്ചി സ്വദേശി ബാലകൃഷ്ണന്റെ പരാതിയില്‍ കേസെടുത്തത്.
ഏഷ്യാനെറ്റ് ചാനലിലെ 'കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലി'ന്റെ ഭാഗമായി 'എന്റെ കഥ ദലിത് വിരുദ്ധമല്ല' എന്ന മുഖാമുഖം ചര്‍ച്ചയില്‍ സന്തോഷ് ഏച്ചിക്കാനം, മാവിലന് സമുദായത്തില്‍പെട്ട തന്നെയും കുടുംബത്തെയും ആക്ഷേപിച്ചുവെന്നാണ് ബാലകൃഷ്ണന് പൊലിസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മാവിലന് സമുദായത്തെ മനഃപൂര്‍വം അവഹേളിക്കണമെന്ന ലക്ഷ്യത്തോടു കൂടി സന്തോഷ് ഏച്ചിക്കാനം സമൂഹത്തിനു മുന്പില് ജാതി, വര്‍ഗ, വര്‍ണ, ഭാഷാപരമായി വിവേചനം പുലര്‍ത്തുകയും സ്ത്രീകളുടെ അഭിമാനത്തെ സമൂഹത്തില്‍ മുറിവേല്പിച്ചതായും ബാലകൃഷ്ണന് ചൂണ്ടിക്കാണിക്കുന്നു. പിന്നാക്കക്കാരെ മനഃപൂര്‍വം അപമാനിക്കുകയും പൊതുജനങ്ങളുടെ മുന്പില് അറപ്പും വെറുപ്പുമുളവാക്കുന്ന രീതിയില്‍ സന്തോഷ് സംസാരിച്ചതായും പരാതിയില്‍ ബാലകൃഷ്ണന് ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയില്‍ താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണ് തനിക്കെതിരേയുള്ള പരാതിക്കും കേസിനും കാരണമെന്ന് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."