കരിപ്പൂര്‍ കസ്റ്റംസിനെതിരേ പരാതി നല്‍കി; പരിഹാരം ഉണ്ടാക്കുമെന്ന് ഡയരക്ടര്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ജീവനക്കാരുടെ ചൂഷണത്തിനെതിരേ എയര്‍പോര്‍ട്ട് ഡയരക്ടര്‍ക്കും കേന്ദ്ര കസ്റ്റംസ് ബോര്‍ഡ് ചെയര്‍മാനും പരാതി.
സഊദി കെ.എം.സി.സി നേതാവും ജിദ്ദയിലെ മാധ്യമ പ്രവര്‍ത്തകനുമായ സി.കെ ശാക്കിര്‍ ആണ് വിമാനത്താവള ഡയരക്ടര്‍ കെ. ശ്രീനിവാസ റാവു, കേന്ദ്ര കസ്റ്റംസ് ബോര്‍ഡ് ചെയര്‍മാന്‍ എസ്. രമേശ് എന്നിവര്‍ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം കുടുംബസമേതം കരിപ്പൂരിലെത്തിയ ശാക്കിറിനോട് നിയമാനുസൃതം കൊണ്ടു വന്ന ലഗേജിന് അന്യായമായി പണമടക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ നിരവധി യാത്രക്കാരെയും ഭീമമായ സംഖ്യ ഡ്യൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഇതേസമയം തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചിരുന്നു. അന്യായമായ നടപടിക്കെതിരേ ശാക്കിര്‍ പ്രതിഷേധിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പിന്തിരിയുകയായിരുന്നു.
ഒന്നോ രണ്ടോ വിമാനങ്ങളില്‍ നിന്നും പരിശോധനകള്‍ കഴിഞ്ഞെത്തുന്ന ലഗേജ് ബോക്‌സുകള്‍ അനാവശ്യമായി പൊളിക്കുക, വര്‍ഷങ്ങളുടെ പഴക്കമുള്ള സാധനങ്ങള്‍ക്ക് വലിയ മൂല്യം കണക്കാക്കി ഭീമമായ സംഖ്യ ഈടാക്കുക, കസ്റ്റംസ് ഹാളിലുള്ള മറ്റു സ്‌ക്രീനിങ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാതെ യാത്രക്കാരെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തുക, സി.സി.ടി.വി പ്രവര്‍ത്തിപ്പിക്കാതിരിക്കുക, യാത്രക്കാരോട് മോശമായി പെരുമാറുക തുടങ്ങിയവയാണ് കസ്റ്റംസിനെതെിരേയുള്ള പരാതിയില്‍ ഉന്നയിച്ചത്.
വിമാനത്താവള ഉപദേശക സമിതി അംഗം ടി.വി ഇബ്രാഹിം എം.എല്‍.എയ്‌ക്കൊപ്പമെത്തിയാണ് ശാക്കിര്‍ പരാതി നല്‍കിയത്. കസ്റ്റംസിനെതിരേ നേരത്തെയും ആക്ഷേപങ്ങള്‍ ഉണ്ടെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും എയര്‍പോര്‍ട്ട് ഡയരക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."