മാതൃകാ കേന്ദ്രമാകാനൊരുങ്ങി റീജിയനല്‍ ജീറിയാട്രിക് സെന്റര്‍
തിരുവനന്തപുരം: വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി റീജിയനല്‍ ജീറിയാട്രിക് സെന്റര്‍ തയാറാകുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ തയാറാകുന്ന ആധുനിക സജ്ജീകരണങ്ങളോടു കൂടിയ റീജിയനല്‍ ജീറിയാട്രിക് സെന്റര്‍ വയോജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിന് ഒരു മാതൃകാ കേന്ദ്രമായി മാറുകയാണ്.
60 വയസു കഴിഞ്ഞവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ചികിത്സ നല്‍കുന്ന പ്രത്യേക വിഭാഗമാണിത്. ആധുനിക സജ്ജീകരണങ്ങളടങ്ങിയ 32 ഹൈടെക് കിടക്കകളാണ് വയോജനങ്ങള്‍ക്കു മാത്രമായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഡോക്ടര്‍മാരും നേഴ്‌സുമാരും ഫിസിയോ തെറാപ്പിസ്റ്റും സോഷ്യല്‍ വര്‍ക്കര്‍മാരും ഉള്‍പ്പെടുന്നവര്‍ സംസ്ഥാനത്തിലെ വിവിധ ആശുപത്രികളില്‍ വയോജനങ്ങളുടെ ചികിത്സയും പരിചരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്നു.
ഇവര്‍ക്കെല്ലാം മെച്ചപ്പെട്ട പരിശീലനം ലഭ്യമാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് റീജിയനല്‍ ജീറിയാട്രിക് സെന്റര്‍ ആരംഭിക്കുന്നത്. വയോജനങ്ങളുടെ ചികിത്സ നിലവില്‍ പരിമിതമായ സൗകര്യങ്ങളിലാണ് നടന്നു വരുന്നത്. അതിന്റെ പ്രയാസങ്ങള്‍ രോഗികള്‍ മാത്രമല്ല, ഡോക്ടര്‍മാരും അനുഭവിക്കുന്നുണ്ട്. അധികം താമസിയാതെ തന്നെ ജീറിയാട്രിക് ബിരുദാനന്തര ബിരുദ കോഴ്‌സും ആരംഭിക്കും.
മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ആരംഭിക്കുന്ന ജീറിയാട്രിക് വിഭാഗത്തിനു വേണ്ടി മന്ത്രി കെ.കെ ശൈലജയും വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ട്. വയോജനങ്ങളുടെ സംരക്ഷണവും പരിചരണവും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടു തന്നെ നിറവേറ്റാന്‍ മന്ത്രിയുടെ ക്രിയാത്മക നിര്‍ദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ജീറിയാട്രിക് വിഭാഗത്തില്‍ ഒ.പിയ്ക്കും കിടത്തി ചികിത്സയ്ക്കും സംസ്ഥാനത്ത് ആദ്യമായി വിപുലമായ സംവിധാനം ഒരുക്കിയതിലൂടെ മറ്റെല്ലാരെയും പോലെ വൃദ്ധര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പരിഗണനയും പരിചരണവും ലഭിക്കുന്ന സാഹചര്യമുണ്ടായതില്‍ നാട്ടുകാരും ഏറെ ആശ്വാസത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."