പ്ലേ സ്‌കൂളിലേക്കു കുട്ടികളെ ആകര്‍ഷിക്കുന്നത് പഞ്ചായത്തുകള്‍ തടയണം
കണ്ണൂര്‍: അങ്കണവാടികളെ അവഗണിച്ച് കൂണുപോലെ മുളച്ചുപൊങ്ങുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലേ ക്ലാസുകളിലേക്കു സാധാരണക്കാരുടെ കുട്ടികളെ ആകര്‍ഷിക്കുന്നതു തടയാന്‍ ആവശ്യമായ നടപടി പഞ്ചായത്തുകള്‍ സ്വീകരിക്കണമെന്നു സര്‍ക്കാര്‍. അങ്കണവാടിക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ പ്ലാന്‍ തയാറാക്കുന്ന എന്‍ജിനീയറിങ് വിഭാഗം അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാറില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
അങ്കണവാടികള്‍ക്ക് കുടിവെള്ള പൈപ്പ്, ഇലക്ട്രിക് വയറിങ്, ടോയ്‌ലറ്റ് എന്നിവ മറന്നുപോവുകയാണ്. ഇതു പരിശോധിച്ച് അപാകതകള്‍ പരിഹരിക്കണമെന്നും പഞ്ചായത്ത് ഡയരക്ടര്‍ പി. ബാലകിരണ്‍ അങ്കണവാടികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള മാര്‍ഗരേഖയില്‍ വ്യക്തമാക്കി.
അങ്കണവാടികളുടെ പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കുന്ന വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും പലപ്പോഴും കാര്യപ്രാപ്തിയിലേക്ക് എത്താന്‍ ശ്രദ്ധിക്കുന്നില്ല. വെല്‍ഫെയര്‍ കമ്മിറ്റികള്‍ ഒരിക്കലും സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് അഭികാമ്യമായി പ്രവര്‍ത്തിക്കുന്നില്ല. അങ്കണവാടിക്കു സ്വന്തമായി ഭൂമി കണ്ടെത്താന്‍ ഇത്തരം കമ്മിറ്റികള്‍ ജാഗ്രത കാട്ടുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഗ്രാമ പഞ്ചായത്തുകളും ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റികളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
സ്വന്തമായി ഭൂമി ഉണ്ടായിട്ടും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങളിലേക്ക് അങ്കണവാടികളെ മാറ്റാതിരിക്കുക, സ്‌കൂളുകളില്‍ കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടന്നിട്ടും അതു പരിഗണിക്കാതിരിക്കുക എന്നീ കാര്യങ്ങള്‍ പഞ്ചായത്ത് തലത്തില്‍ പരിശോധിക്കണം.
കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ലഭ്യമായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ ഫണ്ട് കൈയില്‍ സൂക്ഷിക്കുകയും കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടും തുടര്‍നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന വിഷയങ്ങളും പഞ്ചായത്തുകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുത്ത അങ്കണവാടികള്‍ സന്ദര്‍ശിച്ച് നിയമസഭാ സമിതി നല്‍കിയ റിപ്പോര്‍ട്ടിനു പിന്നാലെയാണു ഡെപ്യൂട്ടി ഡയരക്ടര്‍ മുതല്‍ സെക്രട്ടറി വരെയുള്ളവര്‍ക്ക് പഞ്ചായത്ത് ഡയരക്ടര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."