ക്ഷേത്രത്തിലെ ജാതിവിലക്ക് ജില്ലാപൊലിസ് മേധാവി സ്ഥിരം സംവിധാനം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കാസര്‍കോട്: പടന്ന മുണ്ട്യ ക്ഷേത്രത്തില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കളിയാട്ട മഹോത്സവത്തില്‍ ജാതീയമായ വേര്‍തിരിവ് ഉണ്ടാകാതിരിക്കാനായി ജില്ലാ പൊലിസ് മേധാവി സ്ഥിരം സംവിധാനത്തിനുരൂപം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ക്ഷേത്രത്തില്‍ തുലാഭാര നേര്‍ച്ചയ്ക്കു പേര് രജിസ്റ്റര്‍ ചെയ്യാനെത്തിയ തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നാരോപിച്ച് എം.കെ കുഞ്ഞിരാമന്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്.
കമ്മിഷന്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി, ക്ഷേത്ര കമ്മിറ്റി എന്നിവരില്‍നിന്നു റിപോര്‍ട്ട് വാങ്ങിയിരുന്നു. ആരോപണം ക്ഷേത്ര കമ്മിറ്റി നിഷേധിച്ചു. ഉത്സവത്തില്‍ ജാതീയമായി വിവേചനമുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ചന്തേര പൊലിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തുലാഭാരം നടത്താന്‍ ഒരു തടസവുമില്ലെന്നും പകരം തിയതി നല്‍കാന്‍ ക്ഷേത്രം തയാറാണെന്നും പൊലിസ് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പൊലിസ് റിപോര്‍ട്ട് കളവാണെന്ന് പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയോടാണ് അന്വേഷണം നടത്താന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടതെങ്കിലും അന്വേഷണം നടത്തിയത് ചന്തേര പൊലിസാണെന്നും കമ്മിഷന്‍ ഉത്തരവില്‍ വിമര്‍ശിച്ചു.
പരാതിയില്‍ പരാമര്‍ശിക്കപ്പെട്ട മാധവിയുടെ മൊഴി പൊലിസ് എടുത്തിട്ടില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. പരാതിയുണ്ടായ സാഹചര്യത്തില്‍ കളിയാട്ടത്തിനോടനുബന്ധിച്ച് തുലാഭാരം നേര്‍ച്ചക്കു മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
വിശ്വാസികളെ സാമുദായികമായും വ്യക്തിപരമായും വിലക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. അകാരണമായ കാലവിളംബവും വിലക്കും മനുഷ്യാവകാശലംഘനമാണ്. വ്യത്യസ്തമാനങ്ങളും സാമൂഹിക പ്രാധാന്യവുമുള്ള പരാതി ചന്തേര എസ് .ഐയും കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയും സമുചിതം വിലയിരുത്തിയിട്ടില്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
രണ്ടുമാസത്തിനകം പരിഹാരമുണ്ടായില്ലെങ്കില്‍ പരാതിക്കാരന്‍ എസ്.പിയെ സമീപിക്കണമെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."