സമനില തെറ്റാതെ
ലണ്ടന്‍: ആസ്‌ത്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ആഷസ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. തോല്‍വിയിലേക്ക് പോവുകയായിരുന്ന ഇംഗ്ലണ്ടിനെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ സെഞ്ചുറിയായിരുന്നു രക്ഷിച്ചത്. ക്രീസില്‍ പ്രതിരോധിച്ച് നിന്ന താരം 165 പന്തില്‍ 115 റണ്‍സുമായി ഔട്ടാകാതെ നിന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആസ്‌ത്രേലിയ 1-0ത്തിന് മുന്നിലെത്തി.
സ്‌കോര്‍: ഇംഗ്ലണ്ട് - 258, 5ന് 258 ഡിക്ലയേഡ്. ഓസീസ്: 250, 6ന് 154. മൂന്നാം ടെസ്റ്റ് ലീഡ്‌സില്‍ വ്യാഴാഴ്ച തുടങ്ങും. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 258 റണ്‍സെടുക്കാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ത്രേലിയ 250 റണ്‍സും കണ്ടെത്തി. പരുക്കിലും പതറാതെ 92 റണ്‍സുമായി മികച്ച പ്രകടനം നടത്തിയ ആസ്‌ത്രേലിയന്‍ താരം സ്റ്റീവ് സ്മിത്തായിരുന്നു ഒന്നാം ഇന്നിങ്‌സിലെ താരം. പരുക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ സ്മിത്തിന് കളിക്കാന്‍ കഴിയാത്തത് ഓസീസിന് തിരിച്ചടിയായി. സ്മിത്തിന് പരുക്കേറ്റില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ രണ്ടാം ടെസ്റ്റിലും ആസ്‌ത്രേലിയ ജയം സ്വന്തമാക്കുമായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സുമായി ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെല്ലാം രണ്ടാം ഇന്നിങ്‌സില്‍ പൂര്‍ണ പരാജയമായപ്പോള്‍ ബെന്‍ സ്റ്റോക്‌സ് മാത്രമാണ് പിടിച്ചുനിന്നത്. ബേണ്‍സ് 52 പന്തില്‍ നിന്ന് 29 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. 13 പന്തില്‍ നിന്ന് രണ്ട് റണ്‍സുമായി ജേസണ്‍ റോയിയും മടങ്ങി. ഒരു പന്തില്‍ പൂജ്യവുമായി ജോ റൂട്ടും മടങ്ങി. ഇതോടെ മധ്യനിരയുടെ തോളിലായി ഭാരം. ഈ സമയത്തായിരുന്നു ബെന്‍ സ്റ്റോക് രക്ഷകന്റെ റോളില്‍ എത്തിയത്.
108 പന്ത് നേരിട്ട ജോസ് ബട്‌ലര്‍ 31 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ജയിക്കാനുള്ള റണ്‍സ് കണ്ടെത്താനായില്ല. 100 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത മാര്‍നസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ബാക്കി ഉള്ളവരെല്ലാം സമ്പൂര്‍ണ പരാജയമായി. കാമറോണ്‍ ബെന്‍ക്രോഫ്റ്റ് 40 പന്തില്‍ നിന്ന് 16 റണ്‍സ് സ്വന്തമാക്കി.
ട്രാവിസ് ഹെഡ് 42 റണ്‍സും നേടി. ബാക്കി താരങ്ങളൊന്നും രണ്ടക്കം കടന്നില്ല. ഡേവിഡ് വാര്‍ണര്‍ (5), ഉസ്മാന്‍ ഖവാജ (2), മാത്യൂ വേഡ് (1), ടീം പെയിന്‍ (4) പാറ്റ് കമ്മിന്‍സ് (1) എന്നിങ്ങനെയാണ് മറ്റു താരങ്ങള്‍ നേടിയ റണ്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."