പ്രളയ ദുരിതാശ്വാസം: സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് പരിഗണിക്കും'
കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ പ്രളയദുരിതാശ്വാസം സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പരിഗണിക്കുമെന്ന് കേന്ദ്ര പ്രവാസികാര്യ സഹമന്ത്രി വി. മുരളീധരന്.
നഷ്ടത്തിന്റെ കണക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാരുടെ ഒരുസംഘത്തെയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥന്മാരുടെ മറ്റൊരു സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരടങ്ങുന്ന സംഘം കേരളം ഉടന്‍ സന്ദര്‍ശിക്കും. ആവശ്യമെങ്കില്‍ പ്രളയബാധിതമേഖലകള്‍ സന്ദര്‍ശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രളയ സഹായത്തെക്കുറിച്ച് തീരുമാനമെടുക്കും.
സംസ്ഥാന സര്‍ക്കാരിന്റെ മെമ്മോറാണ്ടത്തിനായി കേന്ദ്രം കാത്തിരിക്കുകയാണ്. അക്കാര്യത്തില്‍ കാലതാമസമുണ്ടായെന്ന് പറയാനാകില്ല. അടിയന്തരസഹായത്തിന്റെ ആദ്യഗഡുവായി 52 കോടി ഇരുപത്തിയേഴരലക്ഷം രൂപ നല്കി. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ലെന്ന മന്ത്രി വി.എസ് സുനില്‍കുമാറിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ കാര്യമായി സഹായിച്ചുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."