പ്രീ-ടെസ്റ്റ് സെന്‍സസ് ആരംഭിച്ചു
തിരുവനന്തപുരം: ഭാരത സെന്‍സസ് 2021ന് മുന്നോടിയായി മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ പ്രീ-ടെസ്റ്റ് സെന്‍സസ് ആരംഭിച്ചു.
സപ്റ്റംബര്‍ 30 വരെയാണ് പ്രീ-ടെസ്റ്റ് സെന്‍സസ് നടത്തുക. ആദ്യമായി ഡാറ്റാ കലക്ഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുവെന്ന പ്രത്യേകത പ്രീ-ടെസ്റ്റ് സെന്‍സസിനുണ്ട്. സെന്‍സസിന് എന്ന പോലെ പ്രീ-ടെസ്റ്റിനും രണ്ടുഘട്ടങ്ങളുണ്ട്.
വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ പ്രാഥമിക വിവര ശേഖരണവുമാണ് ആദ്യഘട്ടം. 34 വിവരങ്ങളാണ് ശേഖരിക്കുന്നത്. വീടുകളുടെ അവസ്ഥ, ഉപയോഗം, വീട് നിര്‍മിക്കാന്‍ ഉപയോഗിച്ച സാമഗ്രികള്‍, വീട്ടില്‍ താമസിക്കുന്നവരുടെ വിവരം, കുടുംബനാഥനെക്കുറിച്ചുള്ള വിവരങ്ങള്‍, ബാങ്കിങ് സര്‍വിസ് തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. കൂടാതെ നാഷനല്‍ പോപ്പുലേഷന്‍ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കും.
രണ്ടാംഘട്ടമാണ് യഥാര്‍ഥ സെന്‍സസ്. വ്യക്തി വിവരങ്ങളാണ് ഇതില്‍ ശേഖരിക്കുന്നത്. കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കും. 28 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് ഇതിനായി ഉപയോഗിക്കുന്നത്.
സെന്‍സസിന് ശേഖരിക്കുന്ന വിവരങ്ങള്‍ സ്ഥിതിവിവരക്കണക്കിനുവേണ്ടി മാത്രം ഉപയോഗിക്കാനുള്ളതാണ്. ഒരിക്കലും ഈ വിവരങ്ങള്‍ പ്രത്യേക വ്യക്തികളെയോ കുടുംബങ്ങളെയോ തിരിച്ചറിയാനായി ഉപയോഗപ്പെടുത്തുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."