സിവില്‍സ്റ്റേഷനില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും
കോഴിക്കോട്: സിവില്സ്റ്റേഷന് പരിധിയില്‍ ഓഫിസുകളിലും ഹോട്ടലുകളിലും ഡിസ്പോസിബ്ള്‍, പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നേരത്തെ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരുന്നുവെങ്കിലും ചില ഹോട്ടലുകളും ചായക്കടകളും ഓഫിസുകളും ഇതു ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നിരോധനം കര്‍ശനമാക്കാനുള്ള തീരുമാനം. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് ഉള്‍പ്പെടെ നിരോധനം ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കും. സിവില്‍ സ്റ്റേഷനിലെ ശുചിമുറികളില്‍ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തും.
ഓരോ നിലകളിലും ജൈവ, അജൈവ മാലിന്യങ്ങള്‍ക്കായി വെവ്വേറെ കുട്ടകള്‍ സ്ഥാപിക്കും. സിവില്‍സ്റ്റേഷനിലെ ജൈവമാലിന്യത്തില്‍ നിന്നുള്ള ജൈവവളം ഉപയോഗിച്ച് പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കും. കാന്റീനിലെ മാലിന്യം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."