പുത്തുമല: തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ക്കായി ഡി.എന്‍.എ ടെസ്റ്റ് നടത്തും
മേപ്പാടി: പുത്തുമല ദുരന്തത്തില്‍ തിങ്കളാഴ്ച കണ്ടെത്തിയ മൃതദേഹവും തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തീരുമാനം. ഇന്നലെ രാവിലെ കാണാതായ രണ്ടുപേരുടെയും കുടുംബാംഗങ്ങളെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ തിരിച്ചറിയലിനായി കൊണ്ടു വന്നെങ്കിലും തിരിച്ചറിയാന്‍ സാധിച്ചില്ല.
മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുള്ളതിനാല്‍ വയസ് അനുമാനിക്കല്‍ അടക്കമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഈ മൃതദേഹവും ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. ഇവരുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഇന്നലെ തന്നെ കണ്ണൂരിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഫലം ലഭിക്കാന്‍ നാലുദിവസം വേണ്ടിവരുമെന്നാണ് സൂചന. അത്രയും ദിവസം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ മൃതദേഹം സൂക്ഷിക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. ഞായാറാഴ്ച ലഭിച്ച പുരുഷന്റെ മൃതദേഹവും ഡി.എന്‍.എ ഫലം കാത്ത് മേപ്പാടിയിലെ വിംസ് മെഡിക്കല്‍ േകാളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ദുരന്തത്തില്‍ അവശേഷിക്കുന്നവരെ കണ്ടെത്താന്‍ തീവ്രശ്രമമാണ് അധികൃതര്‍ നടത്തുന്നത്. ദേശീയ ദുരന്തനിവാരണ സേന, പൊലിസ്, ഫയര്‍ഫോഴ്സ്, വനംവകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നത്. പ്രദേശവാസികളുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. പുത്തുമലയില്‍നിന്ന് ഏഴു കിലോമീറ്ററോളം താഴെയാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെനിന്ന് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് തിരച്ചില്‍ ഇങ്ങോട്ട് മാറ്റിയത്.
ഹൈദരാബാദില്‍നിന്നുള്ള നാഷനല്‍ ജിയോഗ്രഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്രൗണ്ട് പെനിട്രേഷന്‍ റഡാര്‍ സംവിധാനം തിരിച്ചുകൊണ്ടുപോയി. തിങ്കളാഴ്ച പുത്തുമല ഭാഗത്ത് റഡാര്‍ സംവിധാനം ഉപയോഗിച്ച് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല. നിലവില്‍ തിരച്ചില്‍ നടക്കുന്ന സ്ഥലത്തേക്കെത്തിച്ച് റഡാര്‍ സംവിധാനം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതേതുടര്‍ന്നാണ് സംഘം ഇന്നലെ തിരിച്ചുപോയത്. പുത്തുമല ദുരന്തത്തില്‍ ഇനിയും കാണാമറയത്തുള്ളത് അഞ്ചുപേരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."