HOME
DETAILS

ക്വാറി മാഫിയയെ നിയന്ത്രിക്കല്‍ അനിവാര്യം

  
backup
August 20 2019 | 21:08 PM

government-should-control-granite-mafia

 

 

മഴയുടെ പേമാരിപ്പെയ്ത്തും മലമടക്കുകളിലെ ഉരുള്‍പൊട്ടലുകളും കൊണ്ട് വീണ്ടുമൊരിക്കല്‍ കൂടി കേരളം മരണ വെപ്രാളത്തില്‍ പെട്ടുഴലുന്നത് നാം കണ്ടു. നാനൂറിലേറെ സഹോദരങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ട കഴിഞ്ഞ വര്‍ഷത്തെ പ്രളയ ദുരന്തത്തിന് കൃത്യം ഒരു വര്‍ഷം തികയുമ്പോള്‍ നാം മറ്റൊരു പ്രകൃതി ദുരന്തത്തിനു കൂടി ഇരകളായിരിക്കുന്നു. അന്ന് താഴ്ന്ന പ്രദേശങ്ങളെയാണു പ്രളയം മുക്കിക്കളഞ്ഞതെങ്കില്‍ ഇക്കുറി ഉയര്‍ന്ന പ്രദേശങ്ങളിലാണ് ജീവനും സ്വത്തിനും നാശമുണ്ടായത്. മലകളിടിഞ്ഞും ഉരുള്‍പൊട്ടിയും കിടപ്പാടങ്ങള്‍ ഒഴുകി മണ്ണിനടിയിലായപ്പോള്‍ മരണത്തിനിരയായത് നൂറിലേറെ പേര്‍. കരള്‍ പിളരുന്ന കാഴ്ചകളാണ് ഇപ്പോഴും ദുരന്തം ബാധിച്ച പ്രദേശങ്ങളില്‍ നിന്നും ദിവസേനെ നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. എത്രയോപാര്‍പ്പിടങ്ങള്‍ മണ്ണിനടിയിലാണ്. ബാക്കിയായവര്‍ക്കാകട്ടെ നഷ്ടം വന്നത് ഉറ്റവരെയും ഒരായുസ്സു കൊണ്ട് സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളും. വരും വര്‍ഷങ്ങളിലും ഇതാണോ നമ്മള്‍ കേരളീയരുടെ ദുര്‍വിധി?.
എന്തുകൊണ്ട് നമ്മുടെ പ്രകൃതി ഇങ്ങനെ പ്രതികൂലമായി, എന്താണ് കേരളീയരുടെ ജീവിതത്തെ വര്‍ഷാവര്‍ഷം അപായഭീതിയിലാഴ്ത്തുന്ന ഈ പ്രകൃതി പ്രതിഭാസങ്ങള്‍ക്കു കാരണം എന്നതിനെ ചൊല്ലി നമുക്കൊരു കൃത്യമായ ഉത്തരം കിട്ടുന്നില്ലെങ്കില്‍ പോലും പ്രകൃതിയെ നാം ചൂഷണം ചെയ്യുന്നുണ്ടെന്നത് വ്യക്തമാണ്. ഒടുവില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഭീകര ദുരന്തമുണ്ടായ മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ കവളപ്പാറയ്ക്കു സമീപം 21 കരിങ്കല്‍ ക്വാറികളാണു പ്രവര്‍ത്തിച്ചിരുന്നത്. അഞ്ചു കിലോമീറ്ററിനുള്ളില്‍ 12 ക്വാറികളും 10 കിലോ മീറ്ററിനുള്ളില്‍ 9 ക്വാറികളും പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ 750 ക്വാറികള്‍ക്ക് മാത്രം മൈനിങ് ജിയോളജി വകുപ്പ് പരിസ്ഥിതി അനുമതി നല്‍കിയതായി രേഖയുള്ളപ്പോള്‍ ഇപ്പോഴത്തെ ദുരന്തമേഖലകളായ വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, ഇടുക്കി എന്നീ അഞ്ചു ജില്ലകളില്‍ മാത്രം 1104 ക്വാറികള്‍ മലതുരന്നും പാറപൊട്ടിച്ചെടുത്തും ഭൂമിക്കു സാരമായ പരുക്കേല്‍പിക്കുന്നുണ്ട്.
ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ എര്‍ത്ത്, ബിങ് മാപ്പ് എന്നിവ വഴി ഇത്തവണ പ്രകൃതി ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. ടി.വി സജീവന്‍ നടത്തിയ പഠനമാണ് പുതുതായി മാധ്യമങ്ങള്‍ നല്‍കുന്നത്. ഇപ്രകാരമുള്ള ഒട്ടേറെ പഠനങ്ങളും കണക്കെടുപ്പുകളും ഇതിനകം നടന്നുകഴിഞ്ഞു. എല്ലാ റിപ്പോര്‍ട്ടുകളും ഊന്നുന്ന ഒരു കാര്യം പശ്ചിമഘട്ട മേഖലയിലുണ്ടായ ഉരുള്‍പൊട്ടലുകള്‍ക്കു കാരണം അവിടങ്ങളില്‍ നടക്കുന്ന ഭൂമി ഖനനം കാരണമായി ആഘാതം കൂടിയെന്നാണ്. ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ മലകളുടെ സമീപങ്ങളിലെല്ലാം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതു മാത്രമല്ല ചില പാറമടകളില്‍ പൊട്ടിച്ചെടുക്കുന്ന പാറക്കല്ലുകള്‍ കഴുകി വൃത്തിയാക്കാനായി വലിയതോതില്‍ ജലം സംഭരിച്ചുവച്ചിട്ടുമുണ്ടത്രേ. പരിസ്ഥിതി ലോലങ്ങളായ ഈ പ്രദേശങ്ങളില്‍ കനത്ത മഴകൂടി വന്നതോടെയാണ് ഭൂമിയുടെ കെട്ടു പൊട്ടിപ്പോയതും മലകള്‍ പൊട്ടിയടര്‍ന്ന് ഉരുള്‍പൊട്ടലുകളുണ്ടായതും. പാറകള്‍ പൊടിച്ചെടുക്കാനായി നടത്തുന്ന സ്‌ഫോടനങ്ങള്‍ പശ്ചിമഘട്ടമലനിരകളെ ആകെ അസ്ഥിരപ്പെടുത്തുകയാണെന്നും കനത്ത മഴ പെയ്യുമ്പോള്‍ ദുര്‍ബലമായിരിക്കുന്ന മലകള്‍ ഒറ്റയടിക്ക് ഒഴുകിപ്പോകുകയുമാണ് ഇനിയുണ്ടാവുകയെന്നും പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ദുരന്തം വിതച്ച വയനാട് പുത്തുമലയുടെ പരിസരങ്ങളില്‍ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. നാലു പേരുടെ മരണം സംഭവിച്ച വടകര വിലങ്ങാട് 42 ക്വാറികളാണുള്ളത്. അംബുട്ടാന്‍പൊട്ടി അടക്കമുള്ള പോത്തുകല്ലില്‍ 17 ക്വാറികളുണ്ട്. മറ്റൊരു ദുരന്ത ഭൂമിയായ മലപ്പുറം കോട്ടക്കുന്നിന്റെ സമീപത്തായി 129 ക്വാറികളാണുള്ളത്. മൂന്നു പേരുടെ മരണം സംഭവിച്ച കല്ലടിക്കോട് 26 ക്വാറികളാണുള്ളത്. മറ്റു ദുരിത മേഖലകളായ സൗത്ത് മലമ്പുഴയില്‍ നാല്‍പതിലേറെയും ഇടുക്കി ചെറുതോണിയില്‍ ഇരുപത്തിരണ്ടും ക്വാറികളുണ്ട്. ഇപ്പോഴത്തെ ദുരന്തങ്ങളുമായി ക്വാറികളെ ബന്ധിപ്പിക്കാനാവില്ലെന്നു ശാസ്ത്രീയ വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കു പോലും പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടുന്ന തരത്തിലാണ് നമ്മുടെ കൊച്ചു കേരളത്തില്‍ അങ്ങോളമിങ്ങോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതും മറ്റു പലവിധത്തിലുള്ള കൈയേറ്റങ്ങള്‍ക്കു നമ്മുടെ മണ്ണും വിണ്ണും ഇരയാകുന്നതും.
കോഴിക്കോട് ജില്ലയിലെ മുക്കം പ്രദേശത്തെ ക്വാറികള്‍ മൂലം സംഭവിക്കാനിടയുള്ള പ്രകൃതി ദുരന്തത്തെപ്പറ്റി ആളുകള്‍ ഭീതിയിലാണ്. ബാലുശ്ശേരി മുക്കം താമരശ്ശേരി തുടങ്ങിയ പ്രദേശങ്ങള്‍ മുഴുവന്‍ പ്രബലരായ പാറമട മാഫിയയുടെ പിടിയിലാണെന്ന് പ്രദേശവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സമൂഹത്തില്‍ സ്ഥാനവും മാനവുമുള്ള പലരും ഈ മാഫിയയുടെ പിന്നിലുള്ളവരോ ഒത്താശക്കാരോ ആണ്. ആരും ഇവര്‍ക്കെതിരേ ഒരു ചെറു വിരലനക്കുന്നില്ല.
ഇതിനകം ഉരുള്‍പൊട്ടലുകളിലും വെള്ളപ്പൊക്കങ്ങളിലും എത്ര ആളപായമുണ്ടായി എന്നതിന്റെ കണക്കു പോലും നമ്മുടെ ഭരണകൂടങ്ങളുടെയോ ദുരന്ത നിവാരണ അതോറിറ്റിയുടെയോ കൈവശമില്ല. 1968ല്‍ മലബാറില്‍ പതിനാലു പേരാണ് ഉരുള്‍ പൊട്ടലില്‍ മരണപ്പെട്ടത്. ശേഷം എല്ലാ വര്‍ഷവും ചെറിയ ചെറിയ ദുരന്തങ്ങള്‍ക്കു മലബാര്‍ മേഖല സാക്ഷിയായിട്ടുണ്ട്. പക്ഷേ രണ്ടായിരാമാണ്ടിനു ശേഷമാണ് പാറമട മാഫിയ മലബാറിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ കരിങ്കല്‍ ശേഖരങ്ങളില്‍ കണ്ണുവച്ച് ഇവിടെ എത്തുന്നത്. സ്വതവേ ദുര്‍ബലമായ പ്രദേശത്തെ ഭൂമി അതോടെ കൂടുതല്‍ അസ്ഥിരതയുള്ളതായി മാറി. കലങ്ങിമറിഞ്ഞു. മലമുകളില്‍ പാറയും മണ്ണും ഇളക്കി മറിച്ചുകൊണ്ടു പോയി നമ്മുടെ വികസന സ്വപ്നങ്ങളും രമ്യഹര്‍മ്യങ്ങളും യാഥാര്‍ഥ്യമായപ്പോള്‍ മലയിടിച്ചിലും ഉരുള്‍പൊട്ടലും കാരണം താഴ്‌വരയിലെ സാധുക്കളായ മനുഷ്യരുടെ ജീവിതം ഹോമിക്കപ്പെട്ടു.
പ്രകൃതിക്ഷോഭം എന്ന വാക്ക് സൂചിപ്പിക്കുന്നതു പോലെ പ്രകൃതി നമ്മോട് കോപിക്കാന്‍ കാരണം നമ്മള്‍ തന്നെയാണ്. കേരളം പോലെ ഭൂമിയിലെ നൂലുവണ്ണമുള്ള ഒരു ദേശത്ത് 5924 ക്വാറികള്‍ ഉണ്ടെന്നറിയുമ്പോള്‍ നാം ഞെട്ടേണ്ടതാണ്. ഏറ്റവും കൂടുതല്‍ ക്വാറികള്‍ മധ്യകേരളത്തിലാണ് 2438 ക്വാറികള്‍, വടക്കന്‍ കേരളത്തില്‍ 1969, തെക്ക് 1517 എന്നിങ്ങനെയാണ് എണ്ണം. ക്വാറികള്‍ പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥക്കു കാരണമാകുന്നു എന്നതില്‍ സംശയം വേണ്ടതില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ കണക്കനുസരിച്ച് പശ്ചിമഘട്ടമേഖലയിലെ ക്വാറികളുടെ എണ്ണം 3322 ആണ്. ക്വാറി പ്രവര്‍ത്തിക്കാന്‍ പാടില്ലാത്ത പരിസ്ഥിതി ദുര്‍ബല മേഖല ഒന്നില്‍ 1486 ക്വാറികളും പരിസ്ഥിതി ദുര്‍ബല മേഖല രണ്ടില്‍ 169 ക്വാറികളും ഉണ്ടെന്നും ആ പഴയ റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോഴവയുടെ എണ്ണം കൂടിയിട്ടുണ്ടാകും. ജില്ലാഭരണകൂടങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യഥേഷ്ടം അനുമതി നല്‍കിയപ്പോള്‍ കോടതി ഇടപെട്ട അവസരങ്ങള്‍ പോയ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ട്.
കേരളത്തിലെ 96 ശതമാനം കരിങ്കല്‍ ക്വാറികളും പുഴകളില്‍ നിന്ന് ഒട്ടും ദൂരെയല്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നിലവിലെ രണ്ടായിരത്തോളം ക്വാറികള്‍ സംരക്ഷിത വനങ്ങള്‍ക്കും റിസര്‍വ് ഫോറസ്റ്റുകള്‍ക്കും ഉള്ളിലാണെന്നത് അതിലേറെ ഭയാനകമായ യാഥാര്‍ഥ്യമാണ്. 1378 ക്വാറികള്‍ റിസര്‍വ് ഫോറസ്റ്റുകളില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലും പാറപൊട്ടിക്കുന്നു. കരിങ്കല്‍ ചീളുകള്‍ക്കൊപ്പം എല്ലാ നിയമങ്ങളും കാറ്റില്‍ പറക്കുന്ന അവസ്ഥയാണുള്ളത്.
നമ്മുടെ ഭൂപ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും കൈയേറ്റങ്ങളും എത്രയോ വര്‍ഷമായി നാം ചര്‍ച്ച ചെയ്യുന്നതാണ്. ചര്‍ച്ചകള്‍ നിര്‍ത്തി ഉടനടി പരിഹാര പദ്ധതികള്‍ ആരംഭിക്കേണ്ട സമയമായെന്നാണ് ഇപ്പോഴത്തെ ദുരന്തങ്ങള്‍ നല്‍കുന്ന പാഠം. ക്വാറികള്‍ എത്ര പാറ ഇതുവരെ ഖനനം ചെയ്തു, എത്രത്തോളം ആഘാതം പരിസ്ഥിതിക്ക് ഉണ്ടാക്കി, ഇനി എത്ര ക്വാറികള്‍ അനുവദിക്കാനാകും, എന്താണൊരു ബദല്‍ സംവിധാനം എന്നിങ്ങനെ എല്ലാത്തിനും നമുക്ക് ഉത്തരം വേണം.
കൃത്യമായ നയരൂപീകരണം നടത്തേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഒപ്പം കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും ഈ മരണക്കളിക്കെതിരേ കണ്ണും കാതും തുറന്നു ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. കേരളത്തിലെ മത സംഘടനകള്‍ വരേ പ്രകൃതി ചൂഷണത്തിനെതിരായ ബോധനം അവരവരുടെ ആരാധനാലയങ്ങളില്‍ വച്ചു നല്‍കണം. ഓരോ മതത്തിന്റെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ ഭൂമിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം പറയുകയും അതു തെറ്റിക്കുമ്പോള്‍ ദൈവകോപം വന്നുഭവിക്കുന്നതിനെ പറ്റി മുന്നറിയിപ്പു നല്‍കിയിട്ടുള്ളതുമാണ്. കേരളത്തിലെ മത സ്ഥാപനങ്ങള്‍ പാറമട മാഫിയകളില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കില്ലെന്നു തീരുമാനിച്ച് അവര്‍ക്കെതിരേ നിലപാടു കൈകൊള്ളേണ്ടതാണ്. ഇതും മതപരമായ ഒരു ബാധ്യത തന്നെയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 days ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 days ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago