പഠിക്കാന്‍ 'വഴി 'തുറക്കണം; ദിഷയ്ക്കായി കൂട്ടുകാരുടെ നിവേദനം
ചെറുവത്തൂര്‍: എന്‍ഡോസള്‍ഫാന്‍ തളര്‍ത്തിയ മൂന്നാം ക്ലാസുകാരി അറുകരയിലെ ദിഷ ദിനചന്ദ്രനു പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധികൃതര്‍ കനിഞ്ഞാല്‍ മാത്രമേ ഇനി വിദ്യാലയ യാത്രയ്ക്കു വഴി തുറക്കൂ. ശാരീരിക വിഷമതകളുള്ള മകളെ വിദ്യാലയത്തിലെത്തിക്കാന്‍ ഗതാഗത മാര്‍ഗങ്ങളില്ലാത്തതിനാല്‍ അധികൃതരുടെ കനിവുതേടുകയാണ് മാതാപിതാക്കളായ ദിനചന്ദ്രനും പ്രിയയും.
പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചീമേനി എസ്റ്റേറ്റിനോടു ചേര്‍ന്നാണ് ദിഷയുടെ വീട്. വീട്ടില്‍നിന്നു റോഡരികിലേക്കെത്തണമെങ്കില്‍ അര കിലോമീറ്ററോളം ചെങ്കുത്തായ കയറ്റം കയറണം. നടക്കാന്‍ കഴിയാത്ത മകളെയും ചുമലിലേറ്റി മാതാവ് പ്രിയ കുളിയാട് ഗവ. ഹൈസ്‌കൂളില്‍ എത്തിയിരുന്നു. എന്നാല്‍, ഈ യാത്ര പ്രയാസമായതോടെ സ്‌കൂളില്‍ പോകാനാകാത്ത അവസ്ഥയിലാണ് ദിഷ.
ഇവരുടെ വീട്ടില്‍നിന്നു റോഡിലേക്കെത്തേണ്ട അര കിലോമീറ്ററില്‍ 150 മീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടതു പ്ലാന്‍േഷന്‍ കോര്‍പറേഷന്റെ എസ്റ്റേറ്റിലൂടെയാണ്. ഇവിടെ നടവഴി മാത്രമാണുള്ളത്. ഇത്രയും ദൂരം വാഹനഗതാഗതത്തിനുള്ള സൗകര്യമൊരുക്കിയാല്‍ ദിഷയ്ക്കു വിദ്യാലയത്തിലെത്താം. കുട്ടിയുടെ പ്രയാസങ്ങള്‍ പിതാവ് ദിനചന്ദ്രന്‍ പലതവണ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍, സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി നടപടിയുണ്ടായില്ല.
മൂന്നാം ക്ലാസുകാരിയായ ദിഷ ചേച്ചി ദിയയ്‌ക്കൊപ്പം അക്ഷരങ്ങള്‍ എഴുതാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ, കൂട്ടുകാര്‍ക്കൊപ്പം ക്ലാസ് മുറിയിലിരുന്നു പഠിക്കണമെന്നതാണ് അവളുടെ ആഗ്രഹം. സമഗ്ര ശിക്ഷാ അഭിയാന്‍ ഐ.ഇ.ഡി സപ്പോര്‍ട്ടിങ് ഗ്രൂപ്പ് അംഗങ്ങള്‍ ദിഷയുടെ പഠനമോഹം സഫലീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നിലവില്‍ അറുകരവരെ കൂളിയാട് ഗവ. ഹൈസ്‌കൂളിന്റെ വാഹനമെത്തുന്നുണ്ട്. ഇവിടേക്കെത്താന്‍ കൂട്ടുകാരിക്കു വഴിയൊരുക്കണമെന്ന അഭ്യര്‍ഥനയുമായി സഹപാഠികള്‍ കഴിഞ്ഞ ദിവസം സ്ഥലം എം.എല്‍.എ എം. രാജഗോപാലനു നിവേദനം നല്‍കിയിട്ടുണ്ട്. വിജയദശമി ദിനത്തില്‍ ദിഷയ്‌ക്കൊപ്പം പഠിക്കാനും കളിക്കാനും കൂട്ടുകാരെല്ലാം വീട്ടിലെത്തുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."