വ്യാപം കേസില്‍ ഒരു മരണം കൂടി വിഷം ഉള്ളില്‍ചെന്ന് മരിച്ചത് ഡോ. മനീഷാ ശര്‍മ
ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളിലേക്ക് ആരോപണം നീണ്ട വ്യാപം നിയമനത്തട്ടിപ്പില്‍ ഒരുമരണം കൂടി. കേസില്‍ ആരോപണവിധേയയായ ലഖ്‌നൗ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ (കെ.ജി.എം.യു) ജൂനിയര്‍ ഡോക്ടര്‍ മനീഷാ ശര്‍മ (27) ആണ് മരിച്ചത്. വിഷം ഉള്ളില്‍ച്ചെന്നാണ് മരണം.
കേസില്‍ രണ്ടരവര്‍ഷം മുന്‍പ് കുറച്ചുനാള്‍ ജയിലിലായിരുന്ന ഡോ. മനീഷാ ശര്‍മ കോടതിയില്‍ ഹാജരാവാനിരിക്കെയാണ് സംഭവം.
പ്രതികളോ സാക്ഷികളോ അന്വേഷണത്തില്‍ ഇടപെട്ടവരോ ആയി വ്യാപം കേസുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെട്ട 41 പേരാണ് ഇതിനകം മരിച്ചത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മധ്യപ്രദേശ് ഗവര്‍ണറുടെ മകന്‍ സൈലേഷ് യാദവും ഇതില്‍ ഉള്‍പ്പെടും. മധ്യപ്രദേശ് സംസ്ഥാന പ്രൊഫഷനല്‍ എക്‌സാംബോര്‍ഡ് (ഹിന്ദിയില്‍, മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍- വ്യാപം) 2009 മുതല്‍ നടത്തിയ നിയമനപരീക്ഷകളില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്ന ആരോപണമാണ് വ്യാപം കേസ്.
സംഭവവുമായി ബന്ധപ്പെട്ട് മനീഷയുടെ സഹോദരി ദീപാ ശമര്‍മയുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് യൂറോളജി വകുപ്പിലെ സീനിയര്‍ ഡോക്ടര്‍ ഉദ്ധം സിങ്ങിനെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് പൊലിസ് കേസെടുത്തു. ശനിയാഴ്ചയാണ് കാണ്‍പൂര്‍ സ്വദേശിനിയായ മനീഷാ ശര്‍മ ആശുപത്രി ജീവനക്കാരുടെ ഫ്‌ളാറ്റില്‍വച്ച് വിഷം കഴിച്ചത്. ഇതേത്തുടര്‍ന്നു ചികില്‍സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞദിവസമാണ് മരിച്ചത്. മനീഷ വിഷം കഴിച്ചതായി ഉദ്ധം സിങ്ങാണ് സഹോദരി ദീപയെ ഫോണിലൂടെ അറിയിച്ചത്. ഉദ്ധം സിങ്ങ് തന്നെയാണ് മനീഷയെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്കു മാറ്റിയതും. വിഷംകഴിക്കുന്നതിനു മുമ്പായി ഉദ്ധം സിങ്ങിനും മനീഷയ്ക്കും ഇടയില്‍ വാഗ്വാദം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
അലിഗഡ് മെഡിക്കല്‍ കോളജില്‍വച്ച് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ മനീഷ, കെ.ജി.എം.യുവില്‍ സര്‍ജറിയില്‍ ബിരുദാനന്ദരബിരുദ വിദ്യാര്‍ഥിയാണ്. ഇതോടൊപ്പം തന്നെ മറ്റൊരു ആശുപത്രിയില്‍ ഗൈനക്കോളജി വകുപ്പില്‍ താല്‍ക്കാലിക സേവനംചെയ്തുവന്നിരുന്നു.
കേസിലെ പ്രതികളാണെങ്കിലും അതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളോ രേഖകളോ തങ്ങളുടെ പക്കലില്ലെന്നും മിക്ക മാസങ്ങളിലും കേസിന്റെ ഭാഗമായി കോടതിയില്‍ ഹാജരാവാന്‍ അവര്‍ അവധിയെടുക്കാറുണ്ടെന്നും കെ.ജി.എം.യു അധികൃതര്‍ പറഞ്ഞു.
2015 മെയ് 30ന് അറസ്റ്റിലായ മനീഷ ആറുമാസത്തോളം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. രണ്ടുമാസം കൂടുമ്പോള്‍ ഗ്വാളിയോറിലെ സി.ബി.ഐ ഓഫിസില്‍ ഹാജരാവണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. ലഖ്‌നോവില്‍ പി.ജി പ്രവേശനത്തിന് വരുമ്പോള്‍ അവര്‍ക്കൊപ്പം പൊലിസ് അകമ്പടിയും ഉണ്ടായിരുന്നു. മെറിറ്റ് സീറ്റിലായിരുന്നു മനീഷയ്ക്ക് കോളജില്‍ പ്രവേശനം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."