കന്യാകുമാരിക്കെതിരേ വയനാട്ടില്‍ നാല് കേസുകള്‍
മാനന്തവാടി: കര്‍ണാടക ചിക്മംഗളൂരുവില്‍ പ്രത്യേക സമിതി മുന്‍പാകെ കീഴടങ്ങിയ മാവോവാദികളില്‍ കന്യാകുമാരിക്കെതിരേ വയനാട്ടില്‍ നാല് കേസുകള്‍.
അട്ടപ്പാടി ആസ്ഥാനമായുള്ള ഭവാനി ദളത്തിലെ പ്രവര്‍ത്തക കന്യാകുമാരി, ഭര്‍ത്താവ് ശിവു, ചിന്നമ്മ എന്നിവരാണ് മാവോയിസ്റ്റ് പുനരധിവാസത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സമിതി മുന്‍പാകെ കീഴടങ്ങിയത്. ഇതില്‍ കന്യാകുമാരിക്കെതിരേ വെള്ളമുണ്ട, മേപ്പാടി എന്നിവിടങ്ങളില്‍ രണ്ട് കേസുകള്‍ വീതമുണ്ട്.വെള്ളമുണ്ടയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച കേസിലും കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷന് ആക്രമണവുമായി ബന്ധപ്പെട്ട കേസിലും പ്രതിയാണ്. കൂടാതെ മേപ്പാടി പൊലിസ് സ്റ്റേഷന് പരിധിയിലെ കോളനികളില്‍ ആയുധവുമായെത്തിയ കേസിലും ഇവര്‍ പ്രതിയാണ്. ഇവര്‍ക്കെതിരേ 32 കേസുകള്‍ നിലവിലുണ്ടെന്നാണ് പൊലിസ് വൃത്തങ്ങള്‍ പറയുന്നത്. ഇവരുടെ ഭര്‍ത്താവ് ശിവുവിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കഴിഞ്ഞ 15 വര്‍ഷത്തിലധികമായി മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന കന്യാകുമാരി സൈലന്റ് വാലി മുക്കാലി റെയ്ഞ്ച് ഓഫിസ് ആക്രമണത്തിലും പങ്കാളിയായിരുന്നു. കര്‍ണാടക സ്വദേശിനിയായ ഇവര്‍ ആധുനിക യന്ത്രത്തോക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധയാണ്. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കിടെ കഴിഞ്ഞ വര്‍ഷമാണ് ശിവുവിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്കൊരു കുഞ്ഞുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."