രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ പത്ത് സ്ഥാനങ്ങളും കേരളത്തിന്
തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ ദേശീയ തലത്തില്‍ വീണ്ടും നേട്ടം കൊയ്ത് കേരളം. രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ പത്ത് സ്ഥാനങ്ങളും കേരളത്തിന് ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യു.എ.എസ് (നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) നേടിയതിനൊപ്പമാണ് ആദ്യപത്തു സ്ഥാനങ്ങളും കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നേടിയത്. കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍: 98), കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പ കുടുംബാരോഗ്യ കേന്ദ്രം (97), കണ്ണൂര്‍ മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രം (97), ആലപ്പുഴ പനവള്ളി കുടുംബാരോഗ്യ കേന്ദ്രം (96), മലപ്പുറം അമരമ്പലം കുടുംബാരോഗ്യ കേന്ദ്രം (95), കണ്ണൂര്‍ കൊളശേരി യു.പി.എച്ച്.സി, (94.3), തൃശൂര്‍ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം (94), എറണാകുളം വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം (93), കണ്ണൂര്‍ പട്യം കുടുംബാരോഗ്യ കേന്ദ്രം (92), കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി (89) എന്നിവയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയത്.
കേരളത്തില്‍ നിന്ന് 55 കേന്ദ്രങ്ങളാണ് ദേശീയ അംഗീകാരത്തിനായി അയച്ചത്. അതില്‍ 32 കേന്ദ്രങ്ങള്‍ക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ 42 കേന്ദ്രങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു. മൂന്നു കേന്ദ്രങ്ങളുടെ അംഗീകാരത്തിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും 10 കേന്ദ്രങ്ങള്‍ക്ക് അംഗീകാരത്തിനായുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കാസര്‍കോട് കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രം ഇതേ സ്‌കോര്‍ നേടിയാണ് രാജ്യത്ത് ഒന്നാമതെത്തിയത്. ഈ വര്‍ഷാവസാനത്തോടെ 140 കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ ശിശു ആരോഗ്യം, ജീവിതശൈലി രോഗ്യനിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങള്‍ തുടങ്ങി 8 വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള വിവിധ മൂല്യ നിര്‍ണയങ്ങളിലൂടെയാണ് ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിനായി തെരഞ്ഞെടുക്കുന്നത്. ഈ സംഘങ്ങള്‍ ഓരോ ആശുപത്രിയും പരിശോധിച്ചാണ് ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും എഴുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."