വനത്തിലൂടെ അനധികൃതറോഡ്: അന്വേഷിച്ചു നടപടിയെടുക്കുമെന്ന് മന്ത്രി
പാലക്കാട്: പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ കൊടും വനത്തിലൂടെ അനധികൃതമായി റിസോര്‍ട്ട് ലോബി റോഡ് നിര്‍മിച്ച സംഭവത്തില്‍ അന്വേഷണം നടത്തി ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടി എടുക്കുമെന്ന് വനംവകുപ്പു മന്ത്രി അഡ്വ.കെ. രാജു സുപ്രഭാതത്തോടു പറഞ്ഞു. ഇതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.എസ്.സി ജോഷിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നെല്ലിയാമ്പതിയില്‍ നിന്ന് ആനമട, മിന്നാമ്പാറ വഴി പെരിയച്ചോലവരെയുള്ള 18 കിലോമീറ്ററില്‍ പറമ്പിക്കുളത്തോടു ചേര്‍ന്നുള്ള അറ് കിലോമീറ്ററിലാണ് വനം വകുപ്പിന്റെ ഒത്താശയോടെ റോഡ് പണിതത്.
വനത്തിലൂടെ അനധികൃതമായി റോഡ് നിര്‍മിച്ചതിനെ കുറിച്ച് ജൂണ്‍ നാലിന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊടുംവനത്തിലൂടെ മാസങ്ങളോളം ജെ.സി.ബി പോലുള്ള വാഹനം കാടിനകത്തു കയറ്റി നിലവിലുള്ള ജീപ്പ് റോഡ് വികസിപ്പിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ലെങ്കില്‍ അവര്‍ക്കെതിരേയും നടപടിയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. വനം വകുപ്പിന്റെ നിക്ഷിപ്ത വനമേഖലയിലാണ് റോഡ് നിര്‍മിച്ചത്. പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ പാരിസ്ഥിതിക ലോല മേഖലയായ ഇവിടെയുള്ള വലിയ മരങ്ങളുടെ വേരുകള്‍ പിഴുതുമാറ്റിയാണ് റോഡ് വികസനം നടത്തിയിട്ടുള്ളത്. നല്ല മഴ പെയ്താല്‍ ഈ മരങ്ങളെല്ലാം കടപുഴകി വീഴാന്‍ ഇടയുണ്ട്. വളവുകളിലും തിരിവുകളിലുമെല്ലാം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. ഇവിടെയുള്ള പാറകളും പൊട്ടിച്ചു മാറ്റി. ഈ ഭാഗത്ത് പത്തിലേറെ സ്വകാര്യ എസ്റ്റേറ്റുകളും റിസോര്‍ട്ടുകളും ഉണ്ട്. ഇവരാണ് റോഡ് നിര്‍മിച്ചത്.
കേരളത്തില്‍ നിന്ന് നേരിട്ട് പറമ്പിക്കുളത്തേക്ക് റോഡ് വേണമെന്നതിന്റെ മറവിലാണ് നിര്‍മാണം നടത്തിയിട്ടുള്ളത്. എന്നാല്‍ ഇതു വഴി പറമ്പിക്കുളത്തേക്ക് എത്താന്‍ കഴിയില്ല. കാരണം കൊടും വനമായതിനാല്‍ കടുവയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ്. അത് കൊണ്ടുതന്നെ കാലങ്ങളായി പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ റോഡ് പണിയാന്‍ കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് അനുമതി നല്‍കിയിരുന്നില്ല. മാത്രമല്ല ഇപ്പോള്‍ റോഡ് നിര്‍മിച്ചത് കേരളാവനം വകുപ്പിന് വേണ്ടിയല്ല. സ്വകാര്യ വ്യക്തികള്‍ കാട് കൈയേറി നിര്‍മാണ പ്രവൃത്തികള്‍ നടത്തുകയായിരുന്നു. ഇതില്‍ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് പറയുന്നുണ്ട്. വനം കൈയേറി റോഡ് നിര്‍മിച്ചതിനെക്കുറിച്ച് 'എര്‍ത്ത് വാച്ച് കേരള' വിജിലന്‍സ് കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."