പാക് സൈനികമേധാവിയുടെ കാലാവധി നീട്ടിയതിനെ സ്വാഗതം ചെയ്ത് ചൈന
ബെയ്ജിങ്: സൈനികമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ കാലാവധി പാകിസ്താന്‍ മൂന്നു വര്‍ഷത്തേക്കു കൂടി നീട്ടിയതിനെ ചൈന സ്വാഗതം ചെയ്തു. ചൈനയുടെ പഴയ സുഹൃത്തായ ബജ്‌വ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം മെച്ചപ്പെടുന്നതില്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫാണ് 2016 ല്‍ ബജ്‌വയെ സൈനികമേധാവിയായി നിയമിച്ചത്. ഈ നവംബറില്‍ 58 കാരനായ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ മേഖലയുടെ സുരക്ഷയെ മുന്‍നിര്‍ത്തി മൂന്നുവര്‍ഷം കൂടി നീട്ടിനല്‍കുകയായിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ ഘട്ടത്തില്‍ ചൈനക്കു പ്രിയപ്പെട്ടയാളെ പാകിസ്താന്‍ വീണ്ടും സൈനികമേധാവിയായി വാഴിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്.
നേരത്തെ 6,000 കോടി ഡോളറിന്റെ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്ന് ബജ്‌വ ചൈനക്ക് ഉറപ്പു കൊടുത്തിരുന്നു. ചൈനയിലെ വലിയ പ്രവിശ്യയായ സിന്‍ജിയാങ്ങിനെ പാകിസ്താനിലെ ഗ്വാദാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. കഴിഞ്ഞവര്‍ഷം സപ്തംബറില്‍ ബജ്‌വ ബെയ്ജിങ് സന്ദര്‍ശനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."