അപകട ഭീഷണിയായി റോഡിലെ കുഴികള്‍
വളാഞ്ചേരി: വളാഞ്ചേരി-പെരിന്തല്‍മണ്ണ റോഡിലെ അപകട ഭീഷണി സൃഷ്ടിക്കുന്ന കുഴികള്‍ അടക്കണമെന്ന ആവശ്യം ശക്തമാകുന്നു. വളാഞ്ചേരി ജങ്ഷനും കുളമംഗലത്തിനും ഇടയിലാണ് പ്രധാനമായും കുഴികള്‍ ഉള്ളത്. കഴിഞ്ഞ ആഴ്ചയുണ്ടായ മഴയില്‍ ഈ റോഡില്‍ കുളമംഗലം ബാവപ്പടിക്ക് സമീപമുണ്ടായിരുന്ന കുഴികളില്‍ മണ്ണ് അടിഞ്ഞുകൂടി മണ്‍തിട്ട രൂപം കൊണ്ടതും വാഹനങ്ങള്‍ക്ക് ഭീഷണിയാണ്. കനത്ത മഴയില്‍ വെള്ളിമാന്കുന്നിന് മുകളില്‍നിന്ന് ഒഴികിവരുന്ന വെള്ളവും മണ്ണും ഈ റോഡിലാണ് അടിഞ്ഞ് കൂടുന്നത്. കുന്നിന്മുകളില്നിന്ന് വരുന്ന മഴവെള്ളം റോഡിലേക്ക് പരന്നൊഴുകാതെ പോകുവാന്‍ ഇവിടെ ഓവുചാല്‍ ഇല്ലാത്തതാണ് പല ഭാഗത്തും കുഴികള്‍ രൂപപെടുന്നത്.
ടാര്‍ പൊട്ടിപ്പൊളിഞ്ഞാണ് പലഭാഗത്തും കുഴികള്‍ രൂപപെട്ടത്. ഇരുചക്ര വാഹനങ്ങള്‍ക്കാണ് ഇവ ഏറ്റവും ഭീഷണിയാകുന്നത്. വേഗതയില്‍ വരുന്ന വാഹനങ്ങള്‍ കുഴികള്‍ കാണുമ്പോള്‍ പെട്ടന്ന് ബ്രെയ്ക്കിടുന്നത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കലിനും സാധ്യതയേറുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ഗ്രീന്‍ പവര്‍ സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കംചെയ്ത് താല്‍ക്കാലികമായി പരിഹാരം കണ്ടിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച പെയ്ത മഴയില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ട് ഗതാഗതം ദുസ്സഹമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."