മുഗു ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ്
കുമ്പള: മുഗു സര്‍വിസ് സഹകരണ ബാങ്കിനെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളെ ശരിവെക്കുന്ന തരത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുറച്ചു കാലമായി ഭരണം നടത്തിയ ബി.ജെ.പി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വായ്പകള്‍ നല്‍കി വ്യാപകമായ അഴിമതി നടത്തിയെന്നും ഇവര്‍ ആരോപിച്ചു. നിലവിലെ ഭരണസമിതിയില്‍ നിന്നുള്ള പ്രസിഡന്റ് അടക്കം പല ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും വിജിലന്‍സ് അന്വേഷണത്തിലെ ആരോപണ വിധേയരാണ്. ബാങ്കിലെ മൂന്ന് ഉദ്യോഗസ്ഥന്മാര്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുകയുമാണ്. ഇത്തരത്തില്‍ പതിനാലുപേരാണ് വിജിലന്‍സ് കേസില്‍ പ്രതിസ്ഥാനത്തുള്ളത്. പ്രസിഡന്റും ഉദ്യോഗസ്ഥരടക്കം ചില ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ വായ്പയെടുത്ത ഭീമമായ തുക തിരിച്ചടച്ചിട്ടില്ല. ഇ ക്ലാസ് മെമ്പര്‍ഷിപ്പിന്റെ പേരില്‍ മുഗു വില്ലേജിനു പുറത്തുള്ള ആളുകള്‍ക്ക് വരെ ലക്ഷങ്ങള്‍ വായ്പ നല്‍കിയതില്‍ എ. ആറിന്റെ അന്വേഷണ ഉദ്യോഗസ്ഥനായി ബാങ്കിലെത്തിയാളുടെ ഭാര്യയും ഉള്‍പ്പെട്ടുവെന്നത് തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയാണ്. ജനറല്‍ ബോഡി വിളിക്കാതെയും ഓഡിറ്റ് നടത്താതെയും അഴിമതിയില്‍ മുങ്ങിയിരിക്കുന്ന ബാങ്കിന്റെ ഉത്തരവാദിത്വം ഇത്തരം സാഹചര്യത്തില്‍ ഏറ്റെടുത്താല്‍ ജനങ്ങളോട് നീതി പുലര്‍ത്താനാവില്ല എന്ന കാരണത്താലാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. നിക്ഷേപ തുകയില്‍ 28 കോടിയോളം രൂപ ബാങ്ക് തിരിച്ചു കൊടുക്കാനുള്ളതായും നിലവിലെ അവസ്ഥയില്‍ 46 കോടി നഷ്ടത്തിലാണെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ സ്റ്റാനി ഡിസൂസ, കണ്‍വീനര്‍ ഇസ്മയില്‍ ഹാജി, എം. അബ്ദുല്ല മുഗു, റസാഖ് കോടി, ഷാനിദ് കയ്യംകൂടല്‍, സലീം വികാസ് നഗര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."