അച്ചടക്കലംഘനം നടത്തിയാല്‍ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും: ടി. നസിറുദ്ദീന്‍
പാലക്കാട് : സംഘടനക്കകത്ത് അച്ചടക്ക ലംഘനം നടത്തിയാല്‍ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ധീന്‍ പാലക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ജോബി.വി.ചുങ്കത്തിനെ അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് സംഘടന ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കിയതെന്നും അദ്ധേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പൂര്‍ണ പിന്തുണയോടെയാണ് ജോബിക്കെതിരേ നടപടി സ്വീകരിച്ചത്. ഒരു എതിര്‍ ശബ്ദം പോലും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ലെന്ന് നസിറുദ്ധീന്‍ പറഞ്ഞു. പാലക്കാട്ടെ വ്യാപാര ഭവന്‍ ബാബു കോട്ടയിലിന്റെ നേതൃത്വത്തിലുള്ള പുതിയ നേതൃത്വത്തിന് ഉടന്‍ ലഭിക്കും. ഇതില്‍ ആര്‍ക്കും സംശയം വേണ്ട.
ഏകോപന സമിതിയുടെ യൂനിറ്റ് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് ജില്ലാ കമ്മിറ്റിയും ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന കമ്മിറ്റിയുമാണ്. സംഘടനയെ ഈ ജില്ലയില്‍ പിളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് അനുവദിച്ചു കൊടുക്കുകയില്ല. ജോബിക്ക് അനുകൂലമായി ഒരു കോടതി വിധിയും ഉണ്ടായിട്ടില്ല. ഏകോപന സമിതി അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും നസിറുദ്ധീന്‍ വ്യക്തമാക്കി. വ്യാപാര ഭവന്‍ ഉണ്ടാക്കിയത് ജോബിയല്ലെന്നും പഴയ കാല പ്രവര്‍ത്തകരാണെന്നും നസിറുദ്ധീന്‍ പറഞ്ഞു.
സംഘടനയുടെ കെട്ടുറപ്പിനെ ശിഥിലമാക്കുന്ന ഛിദ്രശക്തികള്‍ വ്യാപാരികളുടെ ശത്രുക്കളാണ്. അധികാരങ്ങള്‍ ദുരുപയോഗം ചെയ്ത്്് ഏകാധിപത്യത്തിന്റെ വഴിയില്‍ നടന്നവര്‍ക്കൊന്നും മുന്നോട്ടു പോക്ക് സാധ്യമല്ല. അഴുകിയ ശിഖിരങ്ങള്‍ മുറിച്ചു കളഞ്ഞ്് സംഘടനയെ ശക്തിപ്പെടുത്തുമെന്നും നസിറുദ്ധീന്‍ സൂചിപ്പിച്ചു.
ജി.എസ്.ടി നിയമം യാതാര്‍ഥ്യമായാല്‍ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ വ്യാപാരികള്‍ തയ്യാറല്ല. എന്തു വില കൊടുത്തും ഈ നിയമത്തെ എതിര്‍ക്കും. ജി.എസ്്.ടി നടപ്പിലാവുമ്പോള്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ ഭീഷണികളാണ് വരാന്‍ പോകുന്നതെന്ന് സൂര്യരശ്മി ഓഡിറ്റോറിയത്തില്‍ നടന്ന ഏകോപന സമിതി ജില്ലാ സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കവേ നസിറുദ്ധീന്‍ സൂചിപ്പിച്ചു. പൊലിസിനെ ഉപയോഗിച്ചു കൊണ്ടുള്ള കട പരിശോധനയും വ്യാപാരികളെ അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് അനുവാദം നല്‍കുന്നതും വ്യാപാരികള്‍ക്കെതിരേ ഭരണാധികാരികള്‍ നടത്തുന്ന ദ്രോഹ നടപടികളാണ്.മുന്‍പെങ്ങുമില്ലാത്ത വിധം വ്യാപാരികള്‍ക്കെതിരേ വെല്ലുവിളിയും ഉദ്യോഗസ്ഥ പീഡനവും വര്‍ധിച്ചു വരികയാണ്. സംഘടിത സമരങ്ങളിലൂടെ വ്യാപാരികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഏകോപന സമിതി പ്രതിജ്ഞാബദ്ധമാണെന്നും നസിറുദ്ധീന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
സമ്മേളനത്തില്‍ 600ഓളം കൗണ്‍സിലര്‍മാരും 2000ത്തോളം ഏകോപന സമിതി പ്രവര്‍ത്തകരും പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ അധ്യക്ഷനായി. ജില്ലാ ജന.സെക്രട്ടറി കെ.എം. ഹമീദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി വി.എം. ലത്തീഫ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
ദേവസ്യ മേച്ചേരി, മാരിയില്‍ കൃഷ്ണന്‍, അഹമ്മദ് ഷരീഫ്, ദേവരാജന്‍, ജി. വസന്തകുമാര്‍, എ.എം.എ. ഖാദര്‍, രാജു അപ്‌സര, കെ. വാസുദേവന്‍, ടി.ഡി. ജോസഫ്, സേതുമാധവന്‍ സംസാരിച്ചു.
സമ്മേളന സമാപനം കുറിച്ച് നഗരത്തില്‍ വ്യാപാരി പ്രകടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."