വാഗ്ദാനത്തിലൊതുങ്ങി റഗുലേറ്റര്‍ കം ബ്രിഡ്ജ്
തൃക്കരിപ്പൂര്‍: പൈലിങ്ങ് നടത്തി മണ്ണ്, ആഴം എന്നിവ പരിശോധിച്ച് വര്‍ഷം എട്ടുകഴിഞ്ഞിട്ടും റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമായില്ല. കണ്ണൂര്‍-കാസര്‍കോട് ജില്ലകള്‍ക്ക് അതിരിടുന്ന പാടിയില്‍ പുഴക്കു കുറുകെ തൃക്കരിപ്പൂര്‍ ചെറുകാനവും പയ്യന്നൂര്‍ നഗരസഭയിലെ അന്നൂരുമായി ബന്ധിപ്പിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജ് മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.
ഇരു ജില്ലകളിലെ യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുക, പരിസര പ്രദേശങ്ങളിലെ കൃഷിഭൂമിയില്‍ ഉപ്പുവെള്ളം കയറുന്നത് തടയുക എന്നീ ലക്ഷ്യത്തോടെയാണ് റോഡോടുകൂടിയ റഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയുമെന്ന് അറിയിച്ചിരുന്നത്. ഇതിന്റെ ഭാഗമായി 2011 ജനുവരിയില്‍ ഇരുകരകളിലും മണ്ണ്, ആഴം എന്നിവ പരിശോധിക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക പൈലിങ്ങ് നടപടിയും പൂര്‍ത്തീകരിച്ചു.
എന്നാല്‍, എട്ടുവര്‍ഷം കഴിഞ്ഞിട്ടും പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല. തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ഥികളുമടങ്ങുന്ന നൂറുകണക്കിനാളുകളാണ് ദിവസവും അക്കരെ ഇക്കരെ ഫൈബര്‍ പാണ്ടിവഴി കടന്നിരുന്നത്. നിലവില്‍ ഫൈബര്‍ പാണ്ടി കാലപ്പഴക്കം കൊണ്ട് വിള്ളലുകള്‍ വീണ് കരക്കുകിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിച്ചാണ് ഇരുകരകളിലുള്ളവര്‍ ലക്ഷ്യസ്ഥാനം പിടിക്കുന്നത്.
റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമായാല്‍ തലിച്ചാലം, കൊയോങ്കര, ചെറുകാനം, കുണിയന്‍, കരിവെള്ളൂര്‍, ഇയ്യക്കാട്, പത്തുപൊതിപ്പാട്, ആറുപൊതിപ്പാട്, ആനിയില്‍, കഞ്ചിയില്‍ തുടങ്ങിയ പ്രദേശങ്ങളിലെ പതിനായിരത്തോളം ഏക്കര്‍ നെല്‍പാടങ്ങള്‍ ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാന്‍ കഴിയും. കൂടാതെ ബ്രിഡ്ജില്‍ റോഡ് സൗകര്യം വരുന്നതോടെ പയ്യന്നൂര്‍ നഗരസഭയിലെ വടക്കന്‍ മേഖലയിലുള്ളവര്‍ക്കും കരിവെള്ളൂര്‍ പ്രദേശങ്ങളിലുള്ള ട്രെയിന്‍ യാത്രക്കാര്‍ക്കും തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേനില്‍ എളുപ്പത്തില്‍ എത്താന്‍ കഴിയും. റഗുലേറ്റര്‍ കം ബ്രിഡ്ജ് എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."