അള്ളാംകുളം ഇനി മാലിന്യം നിക്ഷേപിക്കാനുള്ള കുപ്പത്തൊട്ടിയല്ല
തളിപ്പറമ്പ്: അള്ളാംകുളം നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കരിമ്പം പ്രദേശത്തിന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഈ കുളം കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ഉപയോഗശൂന്യമായ നിലയിലായിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുളള കുളം കൈയേറ്റവും മാലിന്യ നിക്ഷേപവും കാരണം നാശത്തിന്റെ വക്കിലെത്തിയിരുന്നു.
കാടുമൂടിക്കിടന്നതിനാല് പരിസരവാസികള്‍ പോലും തിരിഞ്ഞു നോക്കാതിരുന്ന കുളം തളിപ്പറമ്പ് നഗരസഭാ ചെയര്മാന് അള്ളാംകുളം മഹമൂദ് മുന്‍കൈയെടുത്താണ് നവീകരിക്കാന്‍ തീരുമാനമെടുത്തത്. വാര്‍ഡ് കൗണ്‍സിലര്‍ സി.മുഹമ്മദ് സിറാജിന്റെ നേതൃത്വത്തില്‍ നാട്ടുകാരും രംഗത്തിറങ്ങിയതോടെയാണ് നവീകരണം വേഗത്തിലായത്. നവീകരണ പ്രവൃത്തികളുടെ ഭാഗമായി കുളം നാലു വശങ്ങളിലും കല്‍പ്പടവുകള്‍ കെട്ടി കുളിക്കുന്നതിന് സജ്ജമാക്കുന്നതോടൊപ്പം കുടിവെള്ള സൗകര്യവും ലഭ്യമാക്കും.
ഇതോടൊപ്പം കുളത്തിന് സമീപം സാംസ്ക്കാരിക നിലയവും കുളത്തിന് ചുറ്റും ആളുകള്‍ക്ക് പ്രഭാതസവാരി നടത്തുവാന്‍ വാക്കിങ്ങ് ബേയും വിശ്രമിക്കാന്‍ ഇരിപ്പിടങ്ങളും വിളക്കുകളും ഉണ്ടാകും.
സ്വന്തം പേരിനോടൊപ്പം ഉളള അള്ളാംകുളം നവീകരിക്കുന്നതിന് മുന്‍കൈയെടുത്ത ചെയര്മാന് അള്ളാംകുളം മഹമൂദിന്റെ ശ്രമഫലമായി നവീകരണത്തിന് 20 ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."