പാലാരിവട്ടം പാലം മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. പാലം നിര്‍മാണസമയത്ത് ഇബ്രാഹിംകുഞ്ഞായിരുന്നു മന്ത്രി. വിജിലന്‍സ് ഡിവൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ വിജിലന്‍സ് ഓഫിസില്‍ വിളിച്ചു വരുത്തി രാവിലെ പതിനൊന്നിന് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് രണ്ടുവരെ നീണ്ടു.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് ഇതിനകം ഉദ്യോഗസ്ഥരെ പലപ്രാവശ്യം ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ആവശ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുന്‍ മന്ത്രിയെയും ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തിയത്. അതേസമയം, പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആരോപണത്തില്‍ തനിക്കു പങ്കില്ലെന്നും മന്ത്രിയെന്ന നിലയില്‍ നേരിട്ട് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നുമാണ് ഇബ്രാഹിംകുഞ്ഞ് വിജിലന്‍സിന് മുന്പില് വിശദീകരിച്ചതെന്നാണ് വിവരം.
അന്വേഷണത്തോട് സഹകരിക്കും: ഇബ്രാഹിംകുഞ്ഞ്
കൊച്ചി: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് തനിക്കെതിരേയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതം മാത്രമാണെന്നും അഴിമതിയില്‍ തനിക്ക് പങ്കില്ലെന്നും വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ. നിലവില്‍ നടക്കുന്ന അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. വിജിലന്‍സ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവരങ്ങളെല്ലാം സത്യസന്ധമായി വിജിലന്‍സിന് കൈമാറി. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് വീഴ്ചയ്ക്ക് കാരണക്കാരായവര്‍ക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."