പുന്ന നൗഷാദ് വധം: പോപുലര്‍ ഫ്രണ്ട് നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
ചാവക്കാട്: പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് പുതുവീട്ടില്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോപുലര്‍ ഫ്രണ്ട് നേതാവും എസ്.ഡി.പി.ഐ പ്രവര്‍ത്തകനും അറസ്റ്റില്‍. പോപുലര്‍ ഫ്രണ്ട് ചാവക്കാട് ഡിവിഷന് മുന്‍ പ്രസിഡന്റ് തെക്കന്‍പാലയൂര്‍ കരിപ്പായില്‍ വീട്ടില്‍ ഫാമിസ് അബൂബക്കര്‍ (40), എസ്.ഡി.പി.ഐ പ്രവര്ത്തകന് ചെറുതുരുത്തി വെട്ടിക്കാട്ടിരി സ്വദേശി എടക്കാട്ടില്‍ മുഹമ്മദ് മുസ്തഫ (37) എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫാമിസ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ 13ാം വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുമായിരുന്നു. നൗഷാദിനേയും കൂട്ടുകാരേയും വെട്ടിയ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്നതാണ് ഇരുവര്‍ക്കുമെതിരേയുള്ള കുറ്റം.
ഇതോടെ നൗഷാദ് വധക്കേസില്‍ മൊത്തം നാല് പേര് അറസ്റ്റിലായി. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായിരുന്ന അകലാട് നാലാം കല്ലിനു പടിഞ്ഞാറ് തൈപ്പറമ്പില്‍ മുബീന് (26), പോപുലര്‍ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റ് അവിയൂര്‍ വാലിപ്പറമ്പില്‍ ഫെബീര്‍ (30) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കഴിഞ്ഞ മാസം 30ന് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ് എന്ന പുന്ന നൗഷാദ് (40), പുന്ന അയിനിപ്പുള്ളി സുരേഷ് (38), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ് (28), കാവീട് സ്വദേശി ബിജേഷ് (40) എന്നിവര്‍ പുന്ന സെന്ററില്‍ നില്‍ക്കുമ്പോഴാണ് ഏഴ് ബൈക്കുകളിലായെത്തിയ 18 അംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നൗഷാദ് തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പിറ്റേ ദിവസം രാവിലെയാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."