നാട്ടുകാര്‍ക്ക് ഭീഷണിയായി അപകടാവസ്ഥയിലായ വാട്ടര്‍ടാങ്ക്
ശാസ്താംകോട്ട: തൂണുകള്‍ ദ്രവിച്ച് അപകടാവസ്ഥയിലായ കൂറ്റന്‍ വാട്ടര്‍ടാങ്ക് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. കുന്നത്തൂര്‍ പഞ്ചായത്തിലെ നിലയ്ക്കല്‍ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ടാങ്കാണ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ ഭീഷണിയായി നില്‍ക്കുന്നത്. പട്ടികജാതി വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന നിലയ്ക്കല്‍ കോളനിയും ഇവിടെയാണ്.
ഏകദേശം 50 വര്‍ഷം മുമ്പാണ് കോളനിയോട് ചേര്‍ന്ന് ടാങ്ക് സ്ഥാപിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യകാലങ്ങളില്‍ ടാങ്കില്‍ ശാസ്താംകോട്ടയില്‍ നിന്നും എത്തിക്കുന്ന ജലം സംഭരിച്ച് വിതരണം നടത്തിയിരുന്നു. എന്നാല്‍ തകര്‍ച്ചമൂലം പിന്നീടത് നിലച്ചു. ഇതിനെതുടര്‍ന്ന് തൊട്ടടുത്തുതന്നെ മറ്റൊരു ടാങ്ക് നിര്‍മിച്ച് കുന്നത്തൂര്‍ പദ്ധതിയില്‍ നിന്നും വെള്ളമെത്തിച്ച് മേഖലയില്‍ കുടിവെള്ളവിതരണം നടത്തുന്നത്.
അപകടാവസ്ഥയിലായ ടാങ്കിന്റെ നാല് തൂണുകളില്‍ രണ്ടെണ്ണം തകര്‍ന്ന നിലയിലാണ്. കോണ്‍ക്രീറ്റ് അടര്‍ന്നുമാറിയ തൂണുകളിലെ കമ്പികള്‍ ദ്രവിച്ച് പുറത്തേക്ക് തള്ളിനില്‍ക്കുകയാണ്. ടാങ്ക് നിലംപതിച്ചാല്‍ കോളനിയിലെ നുറുകണക്കിന് കുടുംബങ്ങളെ ദോഷകരമായി ബാധിക്കും. മഴ ശക്തിയാകുമ്പോള്‍ ജനങ്ങള്‍ ആശങ്കയിലാണ്. നിരവധി തവണ ടാങ്ക് പൊളിച്ചുനീക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. വകുപ്പു മന്ത്രിക്കും വാട്ടര്‍ അതോറിറ്റി ഉന്നതര്‍ക്കും പരാതി നല്‍കുമെന്ന് യൂത്ത്കോണ്‍ഗ്രസ് നേതാവ് നിലയ്ക്കല്‍ ബിജുലാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."