പകപോക്കലുകളുടെ അധമ രാഷ്ട്രീയം
ഇന്ത്യന്‍ രാഷ്ട്രീയം പകപോക്കലുകളുടെയും പ്രതികാര നിര്‍വഹണത്തിന്റെയും രംഗവേദിയായി മാറിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായികണ്ട് അവരെ ഉന്മൂലനം ചെയ്യുകയോ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്നും പുറന്തള്ളുകയോ ചെയ്യുന്ന അഭിശപ്തമായ ഒരുകാലത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോവുന്നത്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു പ്രതിനിധാനം ചെയ്തിരുന്ന ആശയത്തിന്റെ ഭിന്നധ്രുവത്തിലായിരുന്നു ഭാരതീയ ജനസംഘിന്റെ സ്ഥാപകനായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി. എന്നിട്ടും തന്റെ പ്രഥമ മന്ത്രിസഭയില്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ അംഗമാക്കാന്‍ നെഹ്‌റുവിന് അതൊന്നും തടസ്സമായില്ല. ലോക്‌സഭയില്‍ അംഗീകൃത പ്രതിപക്ഷമില്ലാതിരുന്നിട്ട്‌പോലും രാഷ്ട്രീയ എതിരാളിയായ എ.കെ ഗോപാലന് പ്രതിപക്ഷ നേതാവിനുള്ള പദവിയും ബഹുമാനവും ജവഹര്‍ലാല്‍ നെഹ്‌റു നല്‍കി. അടിയന്തരാവസ്ഥ കാലത്ത് ജനതാ പാര്‍ട്ടിയുടെ ശക്തനായ നേതാവായിരുന്നു മൊറാര്‍ജിദേശായി. അദ്ദേഹത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജയിലിലടച്ചു. അടിയന്തരാവസ്ഥ അവസാനിച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി നേതാവായിരുന്ന മൊറാര്‍ജിദേശായി പ്രധാനമന്ത്രിയായി. അധികാര ദുര്‍വിനിയോഗം നടത്തിയെന്നാക്ഷേപിക്കപ്പെട്ട ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയോട് ജനതാപാര്‍ട്ടിയും മന്ത്രിസഭാ അംഗങ്ങളും ഒന്നിച്ചാവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല. അതാണ് രാഷ്ട്രീയത്തിലെ മാന്യത. തന്നെ അറസ്റ്റ് ചെയ്ത ഇന്ദിരാഗാന്ധിയോട് അതേ നാണയത്തില്‍ മറുപടി പറയാന്‍ അവസരമുണ്ടായിട്ടും മൊറാര്‍ജിദേശായി അത് ചെയ്തില്ല. ആ മാന്യത ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അന്യം നിന്നുപോയി എന്ന് തെളിയിക്കുന്നതാണ് മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ധനമന്ത്രിയുമായിരുന്ന പി. ചിദംബരത്തിന്റെ അറസ്റ്റ്.
പ്രതികാര രാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധമാണ് ഈ അറസ്റ്റിലൂടെ വ്യാപിച്ചിരിക്കുന്നത്. സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും അദ്ദേഹത്തിന്റെ ഭാര്യ കൗസര്‍ ബിയെയും സുഹൃത്ത് തുള്‍സിറാം പ്രജാപതിയെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ വന്നവരെന്ന് ആരോപിച്ച് വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പൊലിസ് വധിച്ചു. അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നു അമിത്ഷാ. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം അരങ്ങേറിയതെന്ന് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. അമിത്ഷാ 2010 ജൂലൈ 25ന് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു. മൂന്ന് മാസം ജാമ്യം കിട്ടാതെ അമിത്ഷാ ജയിലില്‍ കഴിയേണ്ടിവന്നു.
2010 ഒക്ടോബര്‍ 29ന് കോടതി അമിത്ഷാക്ക് ജാമ്യം അനുവദിച്ചുവെങ്കിലും ഹൈക്കോടതി റദ്ദാക്കി. തുടര്‍ന്ന് സുപ്രിംകോടതിയാണ് ജാമ്യം നല്‍കിയത്. തീര്‍ത്തും ആസൂത്രിതമായ ഒരു കൊലപാതകത്തിന്റെ സൂത്രധാരകനെന്നനിലക്ക് സി.ബി.ഐ കുറ്റക്കാരനെന്ന് കണ്ടെത്തി തന്നെ ജയിലിലടച്ചതിന്റെ കാരണക്കാരന്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന പി. ചിദംബരമാണെന്ന് അമിത്ഷാ ആരോപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്. 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍വന്ന ബി.ജെ.പി സര്‍ക്കാര്‍ പി. ചിദംബരത്തിനെതിരേ പ്രതികാര നടപടികള്‍ക്ക് കരുക്കള്‍ നീക്കിയെങ്കിലും അദ്ദേഹത്തിനെതിരേ നടപടിയെടുക്കുവാനോ അറസ്റ്റ് ചെയ്യാനോ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിങ്ങോ പ്രധാനമന്ത്രി നരേന്ദ്രമോദിയോ വലിയ താല്‍പര്യം കാണിച്ചില്ല. ഇതില്‍നിന്നുതന്നെ അമിത്ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ വ്യാജ ഏറ്റുമുട്ടലിന്റെ ഉത്തരവാദിയാണെന്ന് ബോധ്യപ്പെടുന്നു. പി. ചിദംബരത്തിന്റെമേല്‍ ആരോപിക്കപ്പെട്ട, ഐ.എന്‍.എക്‌സ് മീഡിയക്ക് ചട്ടംലംഘിച്ച് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയെന്ന കേസില്‍ വലിയ കഴമ്പില്ലെന്നും വ്യക്തമാണ്. എന്നാല്‍ 2019ല്‍ വീണ്ടും അധികാരത്തില്‍വന്ന മോദിസര്‍ക്കാരില്‍ അമിത്ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായി അധികാരമേറ്റപ്പോള്‍ പി. ചിദംബരത്തിനെതിരേയുള്ള അദ്ദേഹത്തിന്റെ പകതീര്‍ത്തിരിക്കുകയാണിപ്പോള്‍.
ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി. ചിദംബരത്തെ ഭീകരനെ പിടിക്കുന്നത്‌പോലെ വീടിന്റെ മതില്‍ ചാടിക്കടന്നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. സുപ്രിംകോടതിയില്‍നിന്നും ജാമ്യം കിട്ടുന്നതിന് മുമ്പ് എങ്ങനെയെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുക എന്ന പ്രതികാര ചിന്ത തന്നെയായിരുന്നു ഇതിന് പിന്നില്‍. രാജ്യം വിട്ടുപോവുകയില്ലെന്ന് നേരത്തെ കോടതിയെ അറിയിച്ച പി. ചിദംബരത്തിനെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു. പി. ചിദംബരം ഒളിവില്‍ പോയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം ആവര്‍ത്തിച്ചിട്ടും അതൊന്നും സ്വീകാര്യമായില്ല. സുപ്രിം കോടതിയില്‍നിന്നും മുന്‍കൂര്‍ ജാമ്യത്തില്‍ തീരുമാനം വരുന്നത് വരെയെങ്കിലും അദ്ദേഹത്തിന്റെ അറസ്റ്റ് ഒഴിവാക്കാമായിരുന്നു. അതായിരുന്നു രാഷ്ട്രീയത്തില്‍ പുലര്‍ത്തേണ്ട മാന്യതയും.
ഐ.എന്‍.എക്‌സ് മീഡിയ 2008 മെയ് മാസത്തില്‍ 305 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിച്ചത് ക്രമവിരുദ്ധമാണെന്നാണ് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് (എഫ്.ഐ.പി.ബി) കണ്ടെത്തിയത്. ഇത് സംബന്ധിച്ച് വിശദീകരണം കമ്പനിയോട് എഫ്.ഐ.പി.ബി ആവശ്യപ്പെട്ടു. ഇതില്‍നിന്നും രക്ഷപ്പെടാന്‍ കമ്പനി സി.ഇ.ഒ ആയിരുന്ന ഇന്ദ്രാണി മുഖര്‍ജി അന്ന് ധനകാര്യ മന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ചിദംബരം മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ അടുത്തേക്ക് അയച്ചുവെന്നും സഹായം നല്‍കുന്നതിന് പ്രതിഫലമായി 10 ലക്ഷം ഡോളര്‍ ആവശ്യപ്പെട്ടതില്‍ നിന്ന് പത്ത് ലക്ഷം രൂപ കാര്‍ത്തി കൈപറ്റിയെന്നുമാണ് കേസ്. ഇതില്‍ പി. ചിദംബരത്തിന്റെ പങ്ക് എന്താണ്. ധനമന്ത്രിയായിരിക്കെയാണ് ഇത്തരമൊരു സംഭവം നടന്നത് എന്നതിന്റെ പേരില്‍ മാത്രമാണ് അദ്ദേഹത്തിന്റെ മേല്‍ കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നത്. താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് തന്റെ ജാമ്യഹരജിയില്‍ പി. ചിദംബരം പറയുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിലെ ആറ് സെക്രട്ടിമാര്‍ അടങ്ങുന്ന സമിതിയാണ് എഫ്.ഐ.പി.ബി. ഇതിന്റെ അധ്യക്ഷന്‍ ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ സെക്രട്ടറിയും. ഓഹരി മൂലധനത്തിന്റെ ബലത്തില്‍ 74 ശതമാനം വരെ വിദേശ നിക്ഷേപം സ്വീകരിക്കുന്നതില്‍ തെറ്റില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.പി.ബി വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയതെന്ന് പറയപ്പെടുന്നു. ഭരണപരമായ നടപടിയുടെ ഭാഗമായി ഈ ഫയലില്‍ ഒപ്പിട്ടു എന്നതാണ് പി. ചിദംബരം ചെയ്ത തെറ്റ്. അല്ലാതെ മറ്റാരെയെങ്കിലും കൊല്ലാനോ ഭീകരപ്രവര്‍ത്തനത്തിനോ അദ്ദേഹം നേതൃത്വം നല്‍കിയിട്ടില്ല. വീടിന്റെ മതില്‍ ചാടിക്കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യപ്പെടാന്‍ മാത്രമുള്ള കുറ്റം അദ്ദേഹം ചെയ്തിട്ടില്ല. പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയ സി.ബി.ഐ പ്രത്യേക കോടതി ഇന്നലെ അദ്ദേഹത്തെ നാല് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ഇന്ത്യന്‍ ബാങ്കുകളില്‍നിന്നും കോടികള്‍ വെട്ടിച്ച് വിദേശത്ത് സസുഖം കഴിയുന്ന വിജയ് മല്യമാരെയും നീരവ് മോദിമാരെയും ഇതുവരെ തൊടാന്‍ തയ്യാറില്ലാത്ത സര്‍ക്കാരാണ് ഭരണപരമായ കൃത്യം നിര്‍വഹിച്ചതിന്റെപേരില്‍ പി. ചിദംബരത്തെ വേട്ടയാടിപ്പിടിച്ചിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയ ഭൂപടത്തില്‍നിന്നും മായ്ച്ച് കളയുന്നതിന്റെ ഭാഗമായിവേണം ഇത്തരം നടപടികളെ കാണാന്‍. ഇന്നലെ ഇത് മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ മരുമകനെതിരേയായിരുന്നുവെങ്കില്‍ ഇന്നത് പി. ചിദംബരത്തില്‍ എത്തിയിരിക്കുന്നു. നാളെയത് ശശി തരൂരിലേക്കും നീങ്ങിയേക്കാം. രാഷ്ട്രീയത്തിലെ മാന്യതയുടെ ഇടമാണ് ഇതുവഴി ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയില്‍നിന്നും തുടച്ച് നീക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."